ഏഴു ദിനരാത്രങ്ങൾ; ഒരു സിനിമക്കാലത്തിന് കൂടി തിരശ്ശീല വീണു, ഐഎഫ്എഫ്കെയ്ക്ക് ഇന്ന് സമാപനം
ഏഴു ദിനരാത്രങ്ങൾ തിരുവനന്തപുരം നഗരത്തെ ചലച്ചിത്രാസ്വാദകരുടെ പറുദീസയാക്കി മാറ്റിയ 29-ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറിന് നടക്കുന്ന പരിപാടിയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാവും.
സംവിധായിക പായൽ കപാഡിയയ്ക്കുള്ള ‘സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്’മുഖ്യമന്ത്രി സമ്മാനിക്കും. സുവർണ ചകോരം, രജത ചകോരം, കെ ആർ മോഹനൻ എൻഡോവ്മെന്റ്, ഫിപ്രസി, നെറ്റ്പാക്ക് പുരസ്‌കാരങ്ങൾ എന്നിവയും മുഖ്യമന്ത്രി വിതരണം ചെയ്യും. റവന്യുവകുപ്പ് മന്ത്രി കെ രാജൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി വി ശിവൻകുട്ടി എന്നിവർ ചേർന്ന് അർമേനിയൻ ചലച്ചിത്ര സംവിധായകരായ സെർജി അവേദികൻ, നോറ അർമാനി എന്നിവരെ ആദരിക്കും. 2024 ഐ.എഫ്.എഫ് കെയുടെ ക്യൂറേറ്റർ ഗോൾഡ സെല്ലം ജൂറി അംഗങ്ങളെ പരിചയപെടുത്തും. ജൂറി അംഗങ്ങൾക്കുള്ള പുരസ്കാരം മന്ത്രി കെ രാജൻ, വി കെ പ്രശാന്ത് എം.എൽ.എ എന്നിവർ നൽകും.
പോളിംഗിലൂടെ തെരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരം മന്ത്രി വി ശിവൻകുട്ടി സമ്മാനിക്കും. മാധ്യമ പുരസ്‌കാരങ്ങൾ മേയർ ആര്യ രാജേന്ദ്രനും തീയറ്റർ പുരസ്കാരങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി. സുരേഷ് കുമാറും സമ്മാനിക്കും. വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാർദ് ആണ് അന്താരാഷ്ട്ര മൽസര വിഭാഗത്തിന്റെ ജൂറി ചെയർപേഴ്സൺ. ജോർജിയൻ സംവിധായിക നാനാ ജോജാദ്സി, ബൊളീവിയൻ സംവിധായകനും തിരക്കഥാകൃത്തുമായ മാർക്കോസ് ലോയ്സ, അർമീനിയൻ സംവിധായകനും നടനുമായ മിഖായേൽ ഡോവ്ലാത്യൻ, ആസാമീസ് സംവിധായകൻ മോഞ്ചുൾ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.