ഷിഗല്ല വ്യാപനം: വയനാട്ടിൽ ഉന്നതതലയോഗം ചേർന്നു; കൂടുതൽ ജാഗ്രതാ നടപടികൾക്ക് നിർദേശം നൽകി മന്ത്രി

  1. Home
  2. Kerala

ഷിഗല്ല വ്യാപനം: വയനാട്ടിൽ ഉന്നതതലയോഗം ചേർന്നു; കൂടുതൽ ജാഗ്രതാ നടപടികൾക്ക് നിർദേശം നൽകി മന്ത്രി

image


വയനാട്ടിൽ വിദ്യാർത്ഥികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രി ടി. സിദ്ദിഖിന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് കൂടുതൽ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ മന്ത്രി നിർദേശം നൽകി.മുൻകരുതൽ നടപടികളുടെ ഭാഗമായി ബോധവത്കരണ പരിപാടികൾ ഇന്ന് മുതൽ ആരംഭിക്കും. രോഗം റിപ്പോർട്ട് ചെയ്ത കോളിയാടിയോട് ചേർന്നുള്ള പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും പ്രത്യേക യോഗങ്ങൾ വിളിച്ചുചേർക്കും. പ്രദേശത്തെ കിണറുകൾ പ്രത്യേക ഡ്രൈവിലൂടെ ക്ലോറിനേഷൻ നടത്താനും തീരുമാനമായി.രോഗബാധിതരായ കുട്ടികളുടെ സഹോദരങ്ങൾ പഠിക്കുന്ന സ്‌കൂളുകളിൽ മെഡിക്കൽ സംഘത്തെ നിയോഗിക്കും. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ചില കുട്ടികളിൽ വീണ്ടും രോഗലക്ഷണങ്ങൾ പ്രകടമായ സാഹചര്യത്തിൽ അവർക്കായി പ്രത്യേക ആരോഗ്യനിരീക്ഷണവും ഏർപ്പെടുത്തും. സ്‌കൂളുകളിലെ ജലപരിശോധനയിൽ വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.


കോളിയാടി സ്‌കൂളിലെ വിദ്യാർത്ഥികളുമായി സമ്പർക്കത്തിലുണ്ടായിരുന്ന 14 പേർക്കുകൂടി രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.കോളിയാടി മാർ ബസേലിയോസ് സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. നിലവിൽ 25 വിദ്യാർത്ഥികൾ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 38 പേർ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ട്. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സ്‌കൂൾ തുറന്നതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് പനി, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചത്.
ജില്ലയിലെ സാഹചര്യം നേരിട്ട് വിലയിരുത്തുന്നതിനായി ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്ന് വൈകിട്ട് വയനാട്ടിലെത്തും. നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘത്തെ വയനാട്ടിൽ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ മനുഷ്യരുടെ കുടലിലേക്ക് പകരുന്ന ബാക്ടീരിയൽ അണുബാധയാണ് ഷിഗല്ല. രോഗബാധിതരിൽ നിന്ന് മറ്റുള്ളവരിലേക്ക് വളരെ വേഗത്തിൽ പകരാൻ സാധ്യതയുള്ളതിനാൽ വ്യക്തിശുചിത്വവും സുരക്ഷിതമായ കുടിവെള്ള ഉപയോഗവും ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.