സംസ്ഥാന സ്കൂൾ കായിക മേള: അംബാസഡർമാരായി സഞ്ജുവും കീർത്തിയും; സ്വർണക്കപ്പ് വിളംബര ഘോഷയാത്ര 16 മുതൽ

  1. Home
  2. Kerala

സംസ്ഥാന സ്കൂൾ കായിക മേള: അംബാസഡർമാരായി സഞ്ജുവും കീർത്തിയും; സ്വർണക്കപ്പ് വിളംബര ഘോഷയാത്ര 16 മുതൽ

s


സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസഡറായി രാജ്യാന്തര ക്രിക്കറ്റ് താരം സഞ്ജു സാംസണെയും ഗുഡ്വിൽ അംബസഡറായി നടി കീർത്തി സുരേഷിനെയും പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 21 മുതൽ 28 വരെ തലസ്ഥാനം വേദിയാകുന്ന കായിക മേളയുടെ എനർജി പാർട്‌നറായി സഞ്ജു സാംസൺ ഫൗണ്ടേഷനെയും നിയോഗിച്ചു. തങ്കു എന്നു പേരിട്ട മുയലാണ് മേളയുടെ ഭാഗ്യ ചിഹ്നം.
കഴിഞ്ഞ വർഷം മുതൽ സംസ്ഥാന സ്‌കുൾ കായിക മേള ഒളിംപിക്‌സ് മാതൃകയിലാണ് നടത്തുന്നത്..
ജേതാക്കളാകുന്ന ജില്ലയ്ക്ക് 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പ് സമ്മാനിക്കും.

ഈ വർഷം ആദ്യമായി ഏർപ്പെടുത്തിയ സ്വർണക്കപ്പ്, കായികമേളയുടെ സമാപനത്തിൽ വച്ചാണ് വിതരണം ചെയ്യുക. സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര 16നു രാവിലെ എട്ടു മണിക്ക് കാസർകോട് കാഞ്ഞങ്ങാടുനിന്ന് ആരംഭിക്കും. കേരളത്തിലെ വിവിധ ജില്ലകളിലെ പര്യടനത്തിനുശേഷം 21നു തിരുവനന്തപുരത്ത് സമാപിക്കും. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കായികതാരങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും.

12 വേദികളിൽ 40 ഇനങ്ങളിലായാണ് അത്ലറ്റിക്‌സ്, ഗെയിംസ് മത്സരങ്ങൾ. 21നു വൈകിട്ട് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനവും മാർച്ച് പാസ്റ്റും. മത്സരങ്ങൾ 22ന് ആരംഭിക്കും. 12 ഗെയിംസ് മത്സരങ്ങൾ നടക്കുന്ന സെൻട്രൽ സ്റ്റേഡിയമാണു മുഖ്യവേദി. ഗൾഫിൽ നിന്നുള്ളവരും നിശ്ചയദാർഢ്യ വിഭാഗത്തിൽപ്പെട്ടവരും അടക്കം ഇരുപതിനായിരത്തിലേറെ കുട്ടികൾ പങ്കെടുക്കും.