ഷൊർണൂർ ട്രെയിൻ അപകടം; കാണാതായ ശുചീകരണ തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു, ട്രെയിന്‍ വന്നത് വളരെ വേ​ഗത്തിൽ

  1. Home
  2. Kerala

ഷൊർണൂർ ട്രെയിൻ അപകടം; കാണാതായ ശുചീകരണ തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു, ട്രെയിന്‍ വന്നത് വളരെ വേ​ഗത്തിൽ

train


 

ഷൊർണൂരിൽ ട്രെയിൻ അപകടത്തിൽ കാണാതായ ശുചീകരണ തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു. ഫയർഫോഴ്സ് സംഘം പുഴയിൽ പരിശോധന തുടങ്ങി. സ്ഥലത്ത് റെയിൽവേ ഉദ്യോഗസ്ഥരും പൊലീസും പരിശോധന നടത്തുന്നുണ്ട്. അതേസമയം, ട്രാക്കിലേക്ക് കയറുമ്പോൾ സിഗ്നൽ ഇല്ലായിരുന്നുവെന്ന് ഷൊർണൂർ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ശക്തിവേല്‍ പറഞ്ഞു. 

പാളത്തിൻ്റെ നടുവിൽ എത്തിയപ്പോഴാണ് സിഗ്നൽ വന്നത്. അപ്പോഴേക്കും ട്രെയിന്‍ വന്നു കഴിഞ്ഞിരുന്നു. നല്ല വേഗതയിലായിരുന്നു ട്രെയിനെത്തിയത്. അതുകൊണ്ട് 4 പേർക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല. മറ്റ് 6 പേർ പാളത്തിൻ്റെ ഒരു ഭാഗത്തുള്ള സേഫ്റ്റി പോയിൻ്റിൻ കയറി നിന്നുവെന്നും ശക്തിവേല്‍  പറഞ്ഞു. 

ഇന്നലെ ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷൻ കഴിഞ്ഞുള്ള കൊച്ചിൻ പാലത്തിൽ വെച്ച് വൈകിട്ട്  3.05ഓടെയാണ് അതിദാരുണമായ അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് തമിഴ്നാട് സ്വദേശികളായ നാല് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. പത്ത് പേരാണ് ശുചീകരണ സംഘത്തിലുണ്ടായിരുന്നത്. മറ്റ് ആറ് പേരും ഓടി രക്ഷപ്പെട്ടു. തമിഴ്‌നാട് സ്വദേശികളായ ലക്ഷ്മണൻ, റാണി, വള്ളി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. 

ഇതില്‍ മൂന്ന് പേരുടെ മൃതദേഹമാണ് ലഭിച്ചത്. ട്രെയിൻ തട്ടി ഭാരതപ്പുഴയിൽ വീണെന്ന് സംശയിക്കുന്ന ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കണ്ടെത്തിയ മൂന്ന് പേരുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സംഭവത്തിൽ സുരക്ഷാ വീഴ്ചയില്ലെന്ന് റെയിൽവെ വ്യക്തമാക്കി. കരാറുകാരനെതിരെ കേസെടുക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ നൽകുമെന്നും റെയിൽവെ അറിയിച്ചു. ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും കണ്ടെത്തലുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.