സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് അപ്രഖ്യാപിത വിലക്ക്; സമരഗേറ്റും അടച്ചു
സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും കർശന നിയന്ത്രണം. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ ആരംഭിച്ച നിയന്ത്രണങ്ങളാണ് ഇപ്പോൾ സെക്രട്ടേറിയറ്റിലെ മറ്റ് ഓഫീസുകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. പൊതുസന്ദർശകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ മറവിലാണ് മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തുന്നത്. ഇതിന് പുറമെ സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടമായ നോർത്ത് ഗേറ്റും (സമരഗേറ്റ്) ബാരിക്കേഡുകൾ വെച്ച് അടച്ചു.
സർക്കാർ ഔദ്യോഗികമായി നൽകുന്ന അക്രഡിറ്റേഷൻ കാർഡുമായി എത്തുന്ന മാധ്യമപ്രവർത്തകരെപ്പോലും സുരക്ഷാ ജീവനക്കാർ അകത്തേക്ക് കടത്തിവിടുന്നില്ല. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള പ്രത്യേക അനുമതി പത്രം ഉണ്ടെങ്കിൽ മാത്രമേ പ്രവേശനം അനുവദിക്കൂ എന്നാണ് കന്റോൺമെൻ്റ് ഗേറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ സെക്രട്ടേറിയറ്റിലെ തിരക്ക് നിയന്ത്രിക്കാൻ പൊതുജനങ്ങൾക്കുള്ള സന്ദർശക സമയം വൈകിട്ട് മൂന്ന് മുതൽ അഞ്ച് മണി വരെയായി പരിമിതപ്പെടുത്തിയിരുന്നു. ഈ സുരക്ഷാ ക്രമീകരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മാധ്യമങ്ങൾക്കും തടസ്സം സൃഷ്ടിക്കുന്നത്. മുൻ പിണറായി സർക്കാരിന്റെ കാലത്തും സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് സമാനമായ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അന്ന് ഇതിനെതിരെ ശക്തമായി രംഗത്തുവന്നവരാണ് ഇപ്പോൾ ഭരണത്തിലെത്തിയപ്പോൾ വീണ്ടും മാധ്യമവിലക്ക് ആവർത്തിക്കുന്നത്. എന്നാൽ, മുഖ്യമന്ത്രി ബജറ്റ് തിരക്കുകളിലായതിനാലാണ് പ്രവേശന കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വൈകുന്നതെന്നും ഈ മാസം തന്നെ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നുമാണ് ഔദ്യോഗിക വിശദീകരണം.
