വർക്കല ട്രെയിൻ ആക്രമണം: ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ മന്ത്രിയുടെ നിർദേശം
വർക്കലയിൽ ട്രെയിനിൽ ആക്രമിക്കപ്പെട്ട് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശം നൽകി മന്ത്രി വീണ ജോർജ്. മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് നിർദേശം നൽകിയത്. മെഡിക്കൽ കോളജിൽ നിന്നുള്ള ചികിത്സയിൽ തൃപ്തിയില്ലെന്ന് ശ്രീകുട്ടിയുടെ കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ച വിദഗ്ധ ചികിത്സ നൽകാൻ മന്ത്രി നിർദേശം നൽകിയത്.
കഴിഞ്ഞ ദിവസം രാത്രി കേരള എക്സ്പ്രസിലെ യാത്രയ്ക്കിടെയാണ് ശ്രീക്കുട്ടിയെ സഹയാത്രികൻ തള്ളിയിട്ടത്. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോൾ ഉണ്ടായ വാക്കുതർക്കത്തിന്റെ പേരിലാണ് അതിക്രമമെന്നാണ് മൊഴി.പെൺകുട്ടിയുടെ ആരോഗ്യനില അതിഗുരുതരമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു. തലയ്ക്ക് ഗുരുതരമായ ക്ഷതം ഏറ്റിട്ടുണ്ട്. തലയ്‌ക്കേറ്റ ക്ഷതത്തിനുള്ള ചികിത്സ നൽകി കൊണ്ടിരിക്കുകയാണ്. കുട്ടി വെന്റിലേറ്ററിൽ തുടരുകയാണെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു.
