സന്ദീപ് വാര്യർ ബിജെപി വിട്ടപ്പോൾ സിപിഎമ്മിൽ കൂട്ടക്കരച്ചിൽ': കുഞ്ഞാലിക്കുട്ടി
സന്ദീപ് വാര്യറുടെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട വാഗ്വാദങ്ങൾ തുടരുന്നു. പാണക്കാടെത്തിയ സന്ദീപിനെതിരെ പരസ്യ വിമർശനം ഉന്നയിച്ച മുഖ്യമന്ത്രിക്കും സി പി എം നേതാക്കൾക്കും മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടിയടക്കം രംഗത്തെത്തി. സന്ദീപ് വാര്യർ ബി ജെ പി വിട്ടപ്പോൾ സി പി എമ്മിൽ കൂട്ടക്കരച്ചിലെന്നാണ്
കുഞ്ഞാലിക്കുട്ടി പരിഹസിച്ചത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വരെ പ്രയാസത്തിലാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
പാണക്കാട് തങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മണിപ്പൂർ കത്തുന്നത് കാണുന്നില്ലേയെന്നും അതുപോലെയുള്ള സംഭവങ്ങൾ കേരളത്തിൽ ഇല്ലാതിരിക്കാൻ മുന്നിൽ നിൽക്കുന്ന ഒന്നാമത്തെയാൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. സാദിഖലി തങ്ങൾക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പരമാർശം ജനങ്ങൾ തള്ളും. ജനങ്ങളുടെ മനസിലാണ് പാണക്കാട് തങ്ങൾ മാരുടെ സ്ഥാനം. അധികാരമുള്ള മുഖ്യമന്ത്രിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ അധികാരമില്ലാത്ത പാണക്കാട് തങ്ങൾ ചെയ്യുന്നുണ്ട്. അതിൽ മുഖ്യമന്ത്രിക്കും സി പി എമ്മിനും അമ്പരപ്പാണ് ഉള്ളത്. മുഖ്യമന്ത്രിയുടെ വിമർശനം അദ്ദേഹത്തിന്‍റെ ഗതികേടിന്‍റെ ഉദാഹരണമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.