ഗ്യാസ് സിലിണ്ടർ ലോറിയിൽ അതിക്രമിച്ചു കയറി തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. ഒഴിവായത് വന്‍ ദുരന്തം
കോട്ടയം തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് ലോറിയിൽ അതിക്രമിച്ചു കയറി യുവാവ് ആത്മഹത്യാശ്രമം നടത്തി. കമ്പി ഉപയോഗിച്ച് സിലിണ്ടർ കുത്തിത്തുറന്ന ശേഷം തീ കൊളുത്തുകയായിരുന്നു. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.
പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ്, ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അറിയിച്ചു. വെട്ടിക്കാട് മുക്കം സ്വദേശിയായ ഡ്രൈവർ പതിവായി ഗ്യാസ് വാഹനം റോഡിൽ പാർക്ക് ചെയ്ത് വീട്ടിലേക്ക് പോവുകയായിരുന്നു. ഡ്രൈവർ പോയതിനു പിന്നാലെ, അർധരാത്രിയോടെ വാഹനത്തിൽ അതിക്രമിച്ചു കയറിയ യുവാവ് കൈവശമുണ്ടായിരുന്ന കമ്പി ഉപയോഗിച്ച് ഗ്യാസ് സിലിണ്ടർ കുത്തിത്തുറക്കുകയും തുടർന്ന് തീ കൊളുത്തുകയുമായിരുന്നു.
ലോറിയിൽ നിറയെ ഗ്യാസ് സിലിണ്ടറുകൾ ഉണ്ടായിരുന്നതിനാൽ വൻ ദുരന്ത സാധ്യതയാണ് ഉണ്ടായിരുന്നത്. എന്നാൽ, സംഭവസമയം അവിടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാർ ഉടൻതന്നെ ഇടപെട്ട് യുവാവിനെ പിടിച്ചുമാറ്റിയതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു. തീ പടർന്നതോടെ കടുത്തുരുത്തിയിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീയണച്ച് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
