സ്കൂൾ കായിക മീറ്റിൽ വീണ്ടും പ്രായ തട്ടിപ്പ്
സംസ്ഥാന സ്കൂൾ കായിക മീറ്റ് ഇന്ന് സമാപിക്കാനിരിക്കെ വീണ്ടും പ്രായ തട്ടിപ്പ് പരാതി. കോഴിക്കോട് പുല്ലൂരാംപാറ സൈന്റ്റ് ജോസഫ്സ് സ്കൂളിലെ മറുനാടൻ താരത്തിനെതിരെയാണ് പരാതി. സബ് ജൂനിയർ വിഭാഗത്തിൽ രണ്ട് സ്വർണം നേടിയ താരത്തിനു പ്രായം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മൂക്കന്നൂർ എസ്എച്ച്ഒഎച്ച്എസ് സ്കൂളാണ് പരാതി നൽകിയത്. ഉത്തർ പ്രദേശിൽ നിന്നുള്ള താരം 100, 200 മീറ്ററുകളിൽ സ്വർണം നേടിയിരുന്നു. ഉത്തർപ്രദേശ് താരം സ്കൂളിൽ ചേർന്നത് ഈ മാസം ആറിനാണ്.
സബ് ജൂനിയർ വിഭാഗത്തിൽ മത്സരിക്കുന്നതിനേക്കാൾ പ്രായമുള്ള വിദ്യാർത്തിയാണ് താരമെന്നാണ് പരാതി. ഇതേ സ്കൂളിലെ മറ്റൊരു മറ്റൊരു യുപി താരം പ്രായ തട്ടിപ്പ് നടത്തിയെന്ന് തെളിഞ്ഞിരുന്നു.പ്രായത്തട്ടിപ്പ് നടത്തുന്നവർ ചെയ്യുന്നത് ചതിയാണ്. തട്ടിപ്പുകാരെ ഇനി ഒരു മേളയിലും മത്സരിപ്പിക്കില്ല. സ്കൂളുകൾക്കെതിരെയും നിയമനടപടിയെടുക്കും. മഹായജ്ഞത്തിൽ കറ വീഴ്ത്തുകയാണ് ചിലരെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ പ്രായപരിശോധന കൂടുതൽ കാര്യക്ഷമമാക്കും, രെജിസ്ട്രേഷൻ കുറ്റമറ്റതാക്കും. തട്ടിപ്പ് തടയാൻ പ്രത്യേകം ഉത്തരവിറക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു.
21 വയസുള്ള മറുനാടൻ താരത്തെ അണ്ടര്‍ 19 വിഭാഗത്തിൽ മത്സരിപ്പിച്ചു എന്നാണ് ഇന്നലെ പരാതി ഉയർന്നത്. കോഴിക്കോട് പുല്ലൂരാംപാറ സ്കൂളിന്റെ താരത്തിനെതിരെയാണ് പരാതി ഉയർന്നത്. അത്ലറ്റിക് ഫെഡറേഷൻ രേഖകളിൽ താരത്തിന്‍റെ പ്രായം കൂടുതലെന്ന് തെളിഞ്ഞു. ഇതോടെ മത്സരഫലം തടഞ്ഞുവെച്ചു. ഉത്തർപ്രദേശ് സ്വദേശിയായ മത്സരാർത്ഥിക്ക് പ്രായം 21 വയസും 5 മാസവുമെന്ന് അത്ലറ്റിക് ഫെഡറേഷൻ രേഖകൾ. 19വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിലാണ് മത്സരിച്ചത്. ഇതോടെ സീനിയർ പെൺകുട്ടികളുടെ നൂറിലും 200ലും രണ്ടാം സ്ഥാനം നേടിയ താരത്തിനെതിരെ മറ്റ് സ്കൂളുകളും പരാതിയുമായെത്തി.
