ഹൈറിച്ച് തട്ടിപ്പു കേസിൽ കെ.ഡി.പ്രതാപന് ജാമ്യം, ഹൈക്കോടതിയെ സമീപിക്കാൻ ഇ.ഡി
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായ കമ്പനി ഉടമ കെ.ഡി.പ്രതാപന് ജാമ്യം. കലൂരിലെ പിഎംഎൽഎ കോടതിയാണ് പ്രതാപന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ അറസ്റ്റിലായ പ്രതാപൻ അന്നു മുതൽ ജയിലിലാണ്. 16 മാസമായി താൻ ജയിലിലാണെന്ന് കാട്ടിയാണ് പ്രതാപൻ ജാമ്യത്തിനായി അപേക്ഷിച്ചത്. പ്രതാപനും ഭാര്യ ശ്രീനയും ഉൾപ്പെടെ 37 പേരാണ് കേസിലെ പ്രതികൾ. പിഎംഎൽഎ കോടതി ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.
ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ്ങിന്റെ മറവിൽ 1,157 കോടി രൂപയുടെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഹൈറിച്ച് ഓൺലൈന്‍ ഷോപ്പി ഉടമ പ്രതാപനെ അറസ്റ്റ് ചെയ്തത്. മുൻപും ജാമ്യ ഹർജിയുമായി പിഎംഎൽഎ കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. കോടതി ഉത്തരവ് പുറത്തു വന്നാൽ മാത്രമേ ജാമ്യം അനുവദിക്കാനുള്ള കാരണങ്ങൾ അടക്കം വ്യക്തമാകൂ.
ഹൈറിച്ച് കേസിലെ പ്രതികളുടെ 277 കോടി രൂപയുടെ സ്വത്തുക്കൾ നേരത്തെ കണ്ടുകെട്ടിയിരുന്നു. ഹൈറിച്ച് സ്ഥാപനത്തിനെതിരെ വ്യാപകമായി പരാതി ഉയർന്നതോടെ തുടക്കത്തിൽ പൊലീസാണ് കേസെടുത്തത്. പിന്നാലെ ഇ.ഡിയും കേസെടുത്തു. കേരളം കണ്ട ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പുകളിലൊന്നായാണ് ഇ.ഡി ഹൈറിച്ച് കേസിനെ വിശേഷിപ്പിക്കുന്നത്.
