വരും മാസങ്ങളിൽ എണ്ണ, പാചകവാതക വിലകൾ കുറഞ്ഞേക്കുമെന്ന് സൂചന നൽകി കേന്ദ്ര സർക്കാർ
ആഗോള ഊർജ വിപണിയിലെ അസ്ഥിരതകൾക്കിടയിലും വരും മാസങ്ങളിൽ എണ്ണ, പാചകവാതക വിലകൾ കുറഞ്ഞേക്കുമെന്ന് സൂചന നൽകി കേന്ദ്ര സർക്കാർ. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ആഗോള വിപണി ശാന്തമാകുന്നതോടെ വിലയിൽ കുറവുണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയത്.എണ്ണവില ദീർഘകാലത്തേക്ക് ഇപ്പോഴത്തെ ഉയർന്ന നിരക്കിൽ തുടരില്ലെന്നാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ മെയ് പകുതിയോടെ പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധനവില വർദ്ധിപ്പിച്ചു തുടങ്ങിയിരുന്നു. ഇതിനോടകം നാല് തവണ ഇന്ധനവിലയും രണ്ട് തവണ ഗാർഹിക എൽ.പി.ജി വിലയും വർദ്ധിപ്പിച്ചു. പുതിയ പരിഷ്കരണങ്ങൾക്ക് ശേഷം പെട്രോൾ വിലയിൽ 7.8 ശതമാനവും ഡീസൽ വിലയിൽ 8.6 ശതമാനവും വർദ്ധനവാണ് രേഖപ്പെടുത്തിയതെന്നും ഹർദീപ് സിംഗ് പുരി കൂട്ടിച്ചേർത്തു.
