ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാം; ചായ ഇങ്ങനെ തയ്യാറാക്കി കുടിച്ചുനോക്കൂ
ആര്‍ത്തവസമയത്ത് ചില സ്ത്രീകള്‍ക്ക് വേദന അനുഭവപ്പെടുന്നത് പതിവായിരിക്കും.വേദന മാത്രമല്ല, അസ്വസ്ഥത, അമിത രക്തസ്രാവം പോലെ പല ആര്‍ത്തവപ്രശ്നങ്ങളും നേരിടുന്നവരുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പതിവാവുകയും അസഹനീയമായ വിധത്തിലേക്ക് പരിണമിക്കുകയും ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തേണ്ടതാണ്.
പിസിഒഡി പോലെയുള്ള ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങളൊന്നുമില്ല എങ്കില്‍ വേദനകളെ ലഘൂകരിക്കാൻ നാം തന്നെ ചില മാര്‍ഗങ്ങള്‍ കണ്ടെത്തും. പെയിൻ കില്ലറാണ് തീര്‍ച്ചയായും ഇതിലൊരു പരിഹാരം. എന്നാല്‍ ചെറിയ വേദനയാണെങ്കില്‍ കഴിയുന്നതും പെയിൻ കില്ലര്‍ ഒഴിവാക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യവിദഗ്ധര്‍ തന്നെ പറയാറുണ്ട്.
അതേസമയം ഈ വേദന ലഘൂകരിക്കാൻ ആര്‍ത്തവസമയത്തെ ഡയറ്റിലടക്കം ജീവിതരീതികളില്‍ ആകെ മാറ്റം വരുത്തിനോക്കാം. ഇങ്ങനെ വീട്ടില്‍ തന്നെ ചെയ്തുനോക്കാവുന്ന പൊടിക്കൈകളില്‍ പെടുന്ന ഒന്നാണിനി പങ്കുവയ്ക്കുന്നത്.
ആര്‍ത്തവവേദന അനുഭവപ്പെടുമ്പോള്‍ അതില്‍ നിന്ന് ആശ്വാസം കണ്ടെത്താൻ ചായയെ ആശ്രയിക്കുന്ന സ്ത്രീകളുണ്ട്. ഇത്തരത്തില്‍ ആര്‍ത്തവവേദന കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് തരം ചായകളെ കുറിച്ചറിയാം...
ഒന്ന്
ഇഞ്ചി ചേര്‍ത്ത ചായ കഴിക്കുന്നത് ആര്‍ത്തവവേദന കുറയ്ക്കാം. പരമ്പരാഗതമായിത്തന്നെ ഒരു ഔഷധമായി കണക്കാക്കപ്പെടുന്ന ചേരുവയാണ് ഇഞ്ചി. പ്രകൃതിദത്തമായ പെയിൻ കില്ലര്‍ എന്നാണ് ഇഞ്ചി അറിയപ്പെടുന്നത് തന്നെ. നല്ലരീതിയില്‍ രക്തസ്രാവമുള്ളപ്പോഴാണ് ഇഞ്ചിച്ചായ കൂടുതല്‍ ഉചിതം.
രണ്ട്
പുതിനയില ചേര്‍ത്ത ചായയും ആര്‍ത്തവ വേദന കുറയ്ക്കാൻ സഹായിക്കും. ആര്‍ത്തവസമയയത്തെ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ ലഘൂകരിക്കാനും പുതിനച്ചായ ഏറെ സഹായകമാണ്.
മൂന്ന്
കറുവപ്പട്ട ചേര്‍ത്ത ചായ കഴിക്കുന്നതും ആര്‍ത്തവ വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കും. ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു സ്പൈസാണ് കറുവപ്പട്ട. ഇക്കൂട്ടത്തില്‍ വേദനകള്‍ ലഘൂകരിക്കുന്നതിനും ഇത് സഹായകമാകുന്നു.