അൽപ്പം ഉപ്പ് തേച്ച് ഫ്രിജിൽ സൂക്ഷിക്കു; തേങ്ങ മുറി എത്ര നാൾ വേണമെങ്കിലും കേടില്ലാതെ ഇരിക്കും
ആവശ്യമുള്ള തേങ്ങ ചിരകി എടുത്തതിന് ശേഷം ബാക്കി വന്ന തേങ്ങാ മുറി നമ്മൾ എല്ലാവരും ഫ്രിജിൽ സൂക്ഷിക്കുന്നത് പതിവാണ് അല്ലേ. പക്ഷേ എത്ര ഫ്രിജിൽ സൂക്ഷിച്ചാലും രണ്ട് ദിവസം കഴിയുമ്പോൾ തേങ്ങയിൽ നിറവ്യത്യാസം വരുന്നതായി കാണാം. ഒരു വഴുവഴുപ്പും ഉണ്ടാകും. ഇനി മുതൽ തേങ്ങാമുറി ഫ്രജിൽ കേടുക്കൂടാതെ ഇരിക്കാനുള്ള വഴി പറഞ്ഞുതരാം…
ഉപയോഗശേഷം തേങ്ങാമുറിയിൽ നല്ലവണ്ണം ഉപ്പ് തേച്ച്പിടിപ്പിച്ച് ഫ്രിജിൽ വെയ്ക്കാം. കൂടാതെ ഒരു പാത്രത്തിൽ വെള്ളം എടുത്തിട്ട് അതിൽ ഉപ്പ് ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം ഉപ്പ് പുരട്ടിയ തേങ്ങാമുറി ആ വെള്ളത്തിലിട്ട് അടച്ച് ഫ്രിജിൽ വെയ്ക്കാം. ഇങ്ങനെ ചെയ്താൽ എത്ര ദിവസം വേണമെങ്കിലും തേങ്ങ ഫ്രഷായി കേടുക്കൂടാതെ ഫ്രിജിലിരിക്കും.
തേങ്ങ തിരുമ്മി എടുക്കുകയെന്നത് വലിയ ടാസ്കാണ്. അതിനാൽ പലരും തേങ്ങ തലേന്ന് ചുരണ്ടി ഫ്രിജിൽ വയ്ക്കാറുണ്ട്. ഫ്രഷായി തന്നെയിരിക്കും. ചുരണ്ടിയ തേങ്ങ അരമണിക്കൂറിലധികം പുറത്തുവച്ചാൽ കേടാകാൻ തുടങ്ങും. തേങ്ങ പിഴിഞ്ഞെടുത്ത പാൽ പുറത്തുവച്ചാലും ഇതേ പ്രശ്‌നമുണ്ട്. തേങ്ങയോ തേങ്ങാപ്പാലോ പിന്നീട് ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ അടച്ച പാത്രത്തിലാക്കി ഫ്രിജിൽ വയ്‌ക്കുക. തേങ്ങാപ്പാൽ ഫ്രീസറിൽ സൂക്ഷിച്ചാലും കേടാകാതിരിക്കും.