പലഹാരം വറുത്ത് കഴിഞ്ഞാല്‍ അംശങ്ങള്‍ കരിഞ്ഞ് അടിഞ്ഞ് കൂടി കിടക്കുന്നത് കാണാം; ഇവ മാറ്റി എണ്ണ ക്ലിയറാക്കാന്‍ ചില പൊടിക്കൈകള്‍
എണ്ണ ക്ലീനാക്കാന്‍
ആദ്യം തന്നെ കുറച്ച് കോണ്‍ഫ്‌ലര്‍ എടുത്ത് കുറച്ച് വെള്ളവും ചേര്‍ത്ത് മിക്‌സ് ചെയ്ത് എടുക്കുക. നല്ലപോലെ ലൂസാക്കി എടുക്കണം. ഇത് തിളച്ച് കിടക്കുന്ന എണ്ണയിലേയ്ക്ക് ഒഴിക്കുക. നല്ലപോലെ മൊരിഞ്ഞ് വരുമ്പോള്‍ അതിന്റെ കൂടെ മുന്‍പ് വറുത്ത് മാറ്റിയ ആഹാരങ്ങളുടെ പൊടിയും അവശിഷ്ടങ്ങളും കട്ടപിടിച്ച് ഇതിന്റെ കൂടെ മൊരിഞ്ഞ് പൊന്തിവരും. ഇത് വേഗത്തില്‍ നിങ്ങള്‍ക്ക് കോരി കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്താല്‍ പാത്രത്തിന്റെ അടിയില്‍ പിടിച്ച് കിടന്ന അവശിഷ്ടങ്ങള്‍ അടര്‍ന്ന് മാറി വരുന്നതാണ്. കൂടാതെ, എണ്ണ നല്ലപോലെ ക്ലീനായി കിട്ടുകയും ചെയ്യും.
അടിയില്‍ പിടിക്കാതിരിക്കാന്‍
നമ്മള്‍ അപ്പം ചുട്ടാലും അതുപോലെ തന്നെ പഴം പൊരി തയ്യാറാക്കുമ്പോഴായാലും പല സാധനങ്ങള്‍ തയ്യാറാക്കുമ്പോള്‍ പാത്രത്തിന്റെ അടിയില്‍ പിടിക്കുന്നത് കാണാം. ഇത് പിന്നെ അടര്‍ത്തി എടുക്കാന്‍ നല്ല പാടാണ്. ഇത്തരത്തില്‍ പിടിക്കാതിരിക്കാന്‍, പാത്രത്തിലേയ്ക്ക് ആദ്യം തന്നെ ഒരു മുട്ട പൊട്ടിച്ച് ഒഴിക്കാവുന്നതാണ്. മുട്ട വേവാന്‍ എണ്ണ ഒഴിക്കരുത്. മുട്ട വെന്ത് വരുമ്പോള്‍ അത് മാറ്റുക. പാത്രം നല്ലപോലെ മയപ്പെട്ടിട്ടുണ്ടാകും.അതിന് ശേഷം നിങ്ങള്‍ എണ്ണ ഒഴിച്ച് സാധനങ്ങള്‍ വറുക്കാം. അതുപോലെ ദോശ ചുടാം. ഇത് അടിയില്‍ പിടിക്കാതെ വേഗത്തില്‍ കിട്ടാന്‍ സഹായിക്കും.
നാരങ്ങ ഉയോഗിക്കാം
വറുക്കാന്‍ എടുത്ത എണ്ണ ക്ലീനാക്കി എടുക്കാന്‍ നിങ്ങള്‍ക്ക് നാരങ്ങ ഉപയോഗിക്കാവുന്നതാണ്. ഇതിനായി ചെറുനാരങ്ങ എടുത്ത് ചെറിയ കഷ്ണങ്ങളാക്കി മാറ്റണം. ഇത് എണ്ണയില്‍ ചേര്‍ക്കുക. എണ്ണയില്‍ അടിഞ്ഞ് കൂടിയിട്ടുള്ള പൊടിയെല്ലാം ഈ നാരങ്ങയില്‍ പറ്റി പിടിക്കുന്നതാണ്. അതിന് ശേഷം നിങ്ങള്‍ക്ക് നാരങ്ങ എടുത്ത് മാറ്റാവുന്നതാണ്.
മുട്ട ചേര്‍ക്കാം
മുട്ട ചേര്‍ത്തും വറുക്കാന്‍ ഉപയോഗിച്ച എണ്ണ നിങ്ങള്‍ക്ക് നല്ലപോലെ ക്ലീനാക്കി എടുക്കാവുന്നതാണ്. ഇതിനായി ആദ്യം തന്നെ മുട്ടയുടെ വെള്ള മാത്രം എടുത്ത് മാറ്റി വെക്കുക. അതിന് ശേഷം ഓയില്‍ നല്ലപോലെ ചൂടാക്കണം. ഇതിലേയ്ക്ക് മുട്ടയുടെ വെള്ള ഒഴിക്കുക. നിറം മാറിയ എണ്ണ നല്ലപോലെ ക്ലീനായി കിട്ടാന്‍ ഇത് സഹായിക്കും.
ശ്രദ്ധിക്കേണ്ടത്
പാചകത്തിന് ഒരിക്കല്‍ ഉപയോഗിച്ച ഓയില്‍ അല്ലെങ്കില്‍ എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം, ഇത്തരത്തില്‍ ഓയില്‍ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതിനാല്‍, നിങ്ങള്‍ക്ക് ആവശ്യമുള്ള എണ്ണ മാത്രം ഉപയോഗിക്കുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്. അതുപോലെ തന്നെ ഒരിക്കല്‍ ഉപയോഗിച്ച എണ്ണ കാട്ടി കളയാനും മറക്കരുത്.
അതുപോലെ തന്നെ അമിതമായി എണ്ണ പലഹാരങ്ങള്‍ കഴിക്കുന്നതും നമ്മളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് അമിതവണ്ണം വരാനും, കൊളസ്‌ട്രോള്‍ വരാനും കാരണമാണ്. കൂടാതെ, ചര്‍മ്മത്തിന്റെ ആരോഗ്യം നശിപ്പിക്കുകയും, മുടിയെല്ലാം വേഗത്തില്‍ നരയ്ക്കുന്നതിനും കാരണമാകുന്നുണ്ട്. അതിനാല്‍, എണ്ണ പലഹാരങ്ങള്‍ പരമാവധി ഒഴിവാക്കുക.