കംഫർട്ട് ഉണ്ടാക്കാൻ ഇത്രയെളുപ്പമോ?; അഞ്ച് മിനിട്ടിനുള്ളിൽ വീട്ടിനുള്ളിലെ സാധനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കാം

കടയിൽ നിന്ന് കംഫർട്ട് വാങ്ങാത്തവർ വളരെ ചുരുക്കമായിരിക്കും. തുണികൾക്ക് നല്ല മണം അടക്കം നൽകുന്നുവെന്നതാണ് ഇതിലേക്ക് ആളുകളെ ആകർഷിക്കുന്നത്. ഒരു അഞ്ച് മിനിട്ട് മാറ്റിവയ്‌ക്കാനുണ്ടെങ്കിൽ വീട്ടിനുള്ളിലെ സാധനങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് കിടിലൻ കംഫർട്ട് ഉണ്ടാക്കാൻ സാധിക്കും.
ആവശ്യമായ സാധനങ്ങൾ
കോൺഫ്‌ളോർ
വെള്ളം
വിനാഗിരി
ഗ്ലിസറിൻ
എസൻഷ്യൽ ഓയിൽ
ഫുഡ് കളർ (നിർബന്ധമില്ല)
തയ്യാറാക്കുന്ന വിധം
മൂന്ന് സ്പൂൺ കോൺഫ്‌ളോർ എടുക്കുക. ഇതിലേക്ക് ഒന്നര ഗ്ലാസ് വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കുക. കട്ട ഒട്ടുമില്ലാതെ വേണം ചെയ്യാൻ. ശേഷം അടുപ്പിൽ വച്ച് നന്നായി ഇളക്കുക. കുറുക്കിയെടുക്കണം. വളരെപ്പെട്ടന്ന് തന്നെ ഇത് കുറുകിക്കിട്ടും. കംഫർട്ടിന്റെ ഒരു കൺസിസ്റ്റൻസി ആകുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാം. ശേഷം അടുപ്പിൽ നിന്ന് മാറ്റാം.
ചൂടാറും മുമ്പ് തന്നെ ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വിനാഗിരി, രണ്ട് ടേബിൾ സ്പൂൺ ഗ്ലിസറിൻ എന്നിവ ചേർക്കുക. കംഫർട്ടിന് മണം ലഭിക്കാനായി ഏതെങ്കിലും എസൻഷൽ ഓയിലോ വാനില എസൻസോ ചേർത്തുകൊടുക്കാം. ശേഷം നന്നായി യോജിപ്പിക്കുക.
കളർ വേണമെങ്കിൽ ഏതെങ്കിലും ഫുഡ് കളർ, കുറച്ച് ചേർത്തുകൊടുക്കാം. ഇത് നിർബന്ധമില്ല. ശേഷം നന്നായി യോജിപ്പിക്കുക. ഇനി ഒരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. രണ്ട് മാസം വരെ ഉപയോഗിക്കാം.