ഹോട്ടലുകളിൽ കിട്ടുന്ന അതേ ടേസ്റ്റ് വേണോ?; ചായ തയ്യാറാക്കുമ്പോൾ ഈ ട്രിക്ക് ഒന്ന് പ്രയോഗിച്ചുനോക്കൂ

പലരുടെയും ഒരു ദിനം തുടങ്ങുന്നത് തന്നെ ഒരു ഗ്ലാസ് ചായയുമായിട്ടായിരിക്കും. ചിലർക്ക് നല്ല കടുപ്പമുള്ള ചായയായിരിക്കും ഇഷ്ടം, ചിലർക്ക് നേരെ തിരിച്ചായിരിക്കും.
വളരെയെളുപ്പം തയ്യാറാക്കാൻ പറ്റുന്നതാണെങ്കിലും പലരും പല രീതിയിലായിരിക്കും ചായ തയ്യാറാക്കുക. പാൽ മാത്രം ഉപയോഗിച്ച്, വെള്ളം ഒട്ടും ചേർക്കാതെയായിരിക്കും ചിലർ ചായ തയ്യാറാക്കുക. വേറെ ചിലർ വെള്ളം തിളപ്പിച്ച് തേയിലപ്പൊടിയും പഞ്ചസാരയും ചേർത്തശേഷം തിളച്ച പാൽ ഒഴിക്കുകയാണ് ചെയ്യാറ്. വേറൊരു രീതിയിൽ നല്ല ടേസ്റ്റ് ഉള്ള ചായ തയ്യാറാക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
പാൽ
പഞ്ചസാര
വെള്ളം
തേയിലപ്പൊടി
തയ്യാറാക്കുന്ന വിധം
നല്ല കൊഴുപ്പുള്ള ഒരു കപ്പ് പാലെടുക്കുക ഇതിലേക്ക് ഒരു കപ്പ് വെള്ളവും ഒഴിക്കുക. (വെള്ളത്തിന്റെയും പാലിന്റെയും അളവ് നിങ്ങളുടെ ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. പക്ഷേ രണ്ടും സമാസമം ആയിരിക്കണം.) ഇത് തിളപ്പിക്കാൻ വയ്ക്കുക.
ഏലയ്ക്ക ഇട്ടിട്ടുള്ള ചായയാണ് ഇഷ്ടമെങ്കിൽ മാത്രം ഈയവസരത്തിൽ ഒന്നോ രണ്ടോ ഏലയ്ക്ക അല്ലെങ്കിൽ ഏലയ്ക്കാ പൊടി ചേർത്തുകൊടുക്കാം. ആവശ്യത്തിന് പഞ്ചസാര ചേർത്ത് ഇളക്കിക്കൊടുക്കാം. പാൽ ചെറിയ രീതിയിൽ തിളയ്ക്കാൻ തുടങ്ങുമ്പോൾ രണ്ട് ടീസ്പൂൺ ചായപ്പൊടി ചേർക്കുക. നല്ല കടുപ്പമുള്ള ചായയാണ് വേണ്ടതെങ്കിൽ കുറച്ചധികം ചായപ്പൊടി ചേർക്കാം.
ഈയവസരത്തിൽ അടുപ്പ് മീഡിയം സ്പീഡിലായിരിക്കണം.
ഇളക്കിക്കൊടുത്തുകൊണ്ടിരിക്കുക. നന്നായി തിളച്ചുവരുമ്പോൾ തീ ലോ ഫ്ളെയിമിൽ വയ്ക്കുകയും ഇളക്കിക്കൊടുക്കുകയും ചെയ്യാം. നല്ല പൊടിയായിട്ടുള്ള തേയിലയാണെങ്കിൽ 15 -20 സെക്കൻഡ് തിളച്ചാൽ മതി. വലിയ തരികളാണെങ്കിൽ കുറച്ച് കൂടുതൽ സമയം തിളപ്പിക്കണം. എന്നാൽ ഒരുപാട് സമയം തിളപ്പിക്കുന്നത് നല്ലതല്ല. ഇത് ചായയുടെ ടേസ്റ്റ് മാറാൻ ഇടയാക്കും. ശേഷം ഉടൻ തന്നെ അരിച്ചെടുക്കുക. ഇനി ചായക്കടയിലൊക്കെ ചെയ്യും പോലെ നന്നായി അടിച്ചെടുക്കാം. ചൂടോടെ കുടിക്കാം.