സിമ്പിളായി ഉരുളക്കിഴങ്ങിന്റെ തൊലി കളയാം; കത്തി പോലും വേണ്ട: ഇതാ കിടിലൻ ടിപ്‌സ്
അടുക്കള ജോലി എളുപ്പമാക്കാനുള്ള ടിപ്പുകൾ തിരയുന്ന ഒരാളാണോ നിങ്ങൾ? ആണെന്നാണ് നിങ്ങളുടെ മറുപടിയെങ്കിൽ യു എസ് ഇൻഫ്ളുവൻസറായ കെയ്ഷാ ഫ്രാങ്ക്ളിൻ നിങ്ങളെ സഹായിക്കും. സോഷ്യൽ മീഡിയയിലൂടെ സ്വാദിഷ്ടമായ ഭക്ഷണത്തിന്റെ പാചകക്കൂട്ടും, പാരന്റിംഗ് ടിപ്സും, കിച്ചൻ ടിപ്സുമൊക്കെ പങ്കിടുന്നയാളാണ് കെയ്ഷാ.
യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചില നുറുങ്ങുവിദ്യകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 'എന്റെ അമ്മ എന്നെ ഈ കിച്ചൺ ടിപ്സ് എന്നെ പഠിപ്പിച്ചു, അടുക്കളയിൽ ഇവ എങ്ങനെ ശരിയായി സൂക്ഷിക്കാം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്ന വിദ്യയാണ് ആദ്യം തന്നെ വീഡിയോയിൽ കാണിക്കുന്നത്. ഉരുളക്കിഴങ്ങിന്റെ നടുഭാഗത്തായി ചുറ്റിലും കത്തി അല്ലെങ്കിൽ കത്രിക കൊണ്ട്, വട്ടത്തിൽ ചെറുതായി വരയിടുക. ശേഷം ചൂടുവെള്ളത്തിലിട്ട് കുറച്ചുസമയം തിളപ്പിക്കാം. ഇനി ഐസ് വാട്ടറെടുത്ത് ഉരുളക്കിഴങ്ങ് അതിലിടുക. ശേഷം കത്തി പോലും ഉപയോഗിക്കാതെ തൊലി കളയാൻ കഴിയും. കുറച്ചുസമയം കഴിഞ്ഞ് തണുത്ത വെള്ളത്തിൽ നിന്നെടുത്ത്, ചെറുതായൊന്ന് അമർത്തുമ്പോഴേക്ക് തൊലി മുഴുവൻ അടർന്നു വരുന്നത് കാണാം.
തണ്ണിമത്തന്റെ പകുതിയെടുക്കുക. ശേഷം അതിനുമുകളിൽ തൊലി കളഞ്ഞുവച്ച് രണ്ട് വെളുത്തുള്ളിവച്ച് ട്രാൻസ്പാരന്റായ പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ തണ്ണിമത്തൻ ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കാം.