ചക്കക്കുരു കറിവയ്ക്കാൻ മാത്രമല്ല; ഒറ്റ ഉപയോഗത്തിൽ നര അപ്രത്യക്ഷമാകും
അകാല നര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. മിക്കവരും മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈയെയാണ് ആശ്രയിക്കുന്നത്. എന്നാൽ പല വീട്ടുപറമ്പിലും സുലഭമായി ലഭിക്കുന്ന ചക്കയിൽ നരയെ അകറ്റാനുള്ള പോംവഴിയുണ്ട്. ചക്കക്കുരു ഉപയോഗിച്ചാണ് ഈ നാച്വറൽ ഹെയർ ഡൈ ഉണ്ടാക്കേണ്ടത്.
ആവശ്യമായ സാധനങ്ങൾ
ചക്കക്കുരു
തേയില വെള്ളം
നീലയമരി
ഹെന്ന പൗഡർ
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ തേയിലപ്പൊടിയിട്ട് നന്നായി വെള്ളം തിളപ്പിക്കുക. ഇത് അടുപ്പിൽ നിന്ന് മാറ്റിവയ്ക്കുക. ഇനി കുറച്ച് ചക്കക്കുരുവെടുത്ത് തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഒരു മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ശേഷം അടികട്ടിയുള്ള ഒരു പാത്രത്തിലിട്ട് നന്നായി വറുത്തെടുക്കുക. മീഡിയം അല്ലെങ്കിൽ ലോ ഫ്‌ളെയിമിലിട്ട് വേണം ചെയ്യാൻ. കറുപ്പ് നിറമായാൽ അടുപ്പിൽ നിന്ന് മാറ്റാം.
ചൂടാറിയ ശേഷം മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ച് അരിച്ചെടുക്കാം. ഇരുമ്പിന്റെ ചീനച്ചട്ടിയെടുത്ത് ഒന്നോ രണ്ടോ സ്പൂൺ പൊടിച്ചുവച്ചിരിക്കുന്ന ചക്കക്കുരു ഇട്ടുകൊടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ ഹെന്ന പൊടി, മൂന്ന് സ്പൂണൺ നീലയമരി എന്നിവ ചേർത്തുകൊടുക്കാം. നന്നായി യോജിപ്പിച്ച ശേഷം നേരത്തെ തയ്യാറാക്കി മാറ്റിവച്ച തേയിലവെള്ളം ഒഴിച്ചുകൊടുക്കാം. പേസ്റ്റ് രൂപത്തിലാക്കുക. എട്ട് മണിക്കൂർ അടച്ചുവയ്ക്കാം. ശേഷം എണ്ണമയം ഒട്ടുമില്ലാത്ത നരയിൽ പുരട്ടിക്കൊടുക്കുക. ഒന്നര മണിക്കൂറിന് ശേഷം കഴുകിക്കളയാം.