ഇറച്ചിയും മീനുമൊക്ക ഫ്രീസറിൽ സൂക്ഷിക്കുന്നവരാണോ?; ഇവ ശ്രദ്ധിക്കണം

  1. Home
  2. Lifestyle

ഇറച്ചിയും മീനുമൊക്ക ഫ്രീസറിൽ സൂക്ഷിക്കുന്നവരാണോ?; ഇവ ശ്രദ്ധിക്കണം

fridge


ഫ്രിഡ്‌ജിൽ ഇറച്ചിയും മീനുമൊക്കെ സൂക്ഷിക്കുന്നവരാണ് നമ്മളിൽ കൂടുതൽപ്പേരും. എന്നും കടയിൽ പോയി വാങ്ങാൻ സാധിക്കാത്തവർ രണ്ടോ മൂന്നോ ദിവസത്തേക്കായി ഒരുമിച്ച് വാങ്ങി ഫ്രിഡ്‌ജിൽ സൂക്ഷിക്കുകയായിരിക്കും പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.

രണ്ടോ മൂന്നോ ദിവസമായി ഫ്രീസറിൽ സൂക്ഷിച്ച ഇറച്ചിയും മീനുമൊക്കെ കറി വയ്ക്കുമ്പോൾ ഒട്ടും രുചിയുണ്ടാവില്ലെന്ന് പരാതിപ്പെടുന്നവർ ഏറെയാണ്. ഇങ്ങനെ വയ്ക്കുമ്പോൾ മീനിന് ഉണക്കമീനിന്റെ രുചി വരുന്നതായും ചിലർ പറയുന്നു. ഇതൊഴിവാക്കാനായി ചില പൊടിക്കൈകൾ പരീക്ഷിക്കാം.

ആദ്യം ഒരു കണ്ടെയ്‌നറിൽ കഴുകി വൃത്തിയാക്കിയ മീനോ ഇറച്ചിയോ എടുക്കണം. ഇതിന് മുകളിലേക്കായി വെള്ളം ഒഴിച്ചുകൊടുക്കണം. പാത്രം നിറയത്തക്ക വിധമാണ് വെള്ളം ഒഴിക്കേണ്ടത്. ഇനി അടപ്പുവച്ച് പാത്രം അടച്ചതിനുശേഷം ഫ്രീസറിൽ സൂക്ഷിക്കാം. ഈ രീതിയിൽ എത്ര ദിവസം മീനും ഇറച്ചിയും ഫ്രീസറിൽ സൂക്ഷിച്ചാലും രുചി വ്യത്യാസം ഉണ്ടാവില്ല. മീനും ഇറച്ചിയും അടച്ചുവയ്ക്കാതെ ഒരിക്കലും ഫ്രീസറിൽ സൂക്ഷിക്കാനും പാടില്ല. ഇങ്ങനെ ചെയ്യുമ്പോൾ മീൻ വേഗത്തിൽ കേടാവുകയും രുചിയില്ലാതെ ആവുകയും ചെയ്യും.

നല്ല മീൻ നോക്കി വാങ്ങാനും ചില കാര്യങ്ങൾ ശ്രദ്ധിക്കാം:

  • മീനിന്റെ മാംസത്തിൽ വിരൽകൊണ്ടമർത്തി നോക്കുക. നല്ലതാണെങ്കിൽ ദൃഢമായിരിക്കും. ചീഞ്ഞതാണെങ്കിൽ മാംസം താഴ്‌ന്നുപോകും.
  • ഫ്രഷ് മീനിന് വൃത്താകൃതിയുള്ളതും തിളങ്ങുന്നതും തെള‍ിച്ചമുള്ളതുമായ കണ്ണ‍ുകളായിരിക്കും. തിളക്കമില്ലാതെ, കുഴിഞ്ഞിരിക്കുന്നതും ഇളം നീലനിറമുള്ളതുമായ കണ്ണുകൾ ഉള്ളവ ചീഞ്ഞതായിരിക്കും
  • മീനിന്റെ ചെകിള ഇളക്കി നോക്കുക. നല്ല ചുവപ്പ് നിറമാണെങ്കിൽ ഫ്രഷ് മീനായിരിക്കും.
  • ആന്തരികാവയവങ്ങൾ നീ‍ക്കം ചെയ്യുമ്പോൾ നട്ടെല്ലിന്റെ ഭാഗത്തു നിന്നു വരുന്ന രക്തം നല്ല നിറമുള്ളതാണെങ്കിൽ മീൻ ഫ്രഷായിരിക്കും
  • വല്ലാത്ത ദുർഗന്ധമാണ് മീനിൽ നിന്ന് വരുന്നതെങ്കിൽ അത് ചീഞ്ഞ മീനായിരിക്കും.