വീട്ടുജോലികൾക്കിടയിൽ അനവശ്യമായി വെള്ളം പാഴാവാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  1. Home
  2. Lifestyle

വീട്ടുജോലികൾക്കിടയിൽ അനവശ്യമായി വെള്ളം പാഴാവാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

water tax


 


വീട്ടുജോലികൾക്കിടയിൽ എത്രത്തോളം വെള്ളമാണ് ദിവസവും പാഴാകുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഭക്ഷണം പാകം ചെയ്യാനും, പാത്രങ്ങൾ കഴുകാനും, ചെടി നനക്കാനുമൊക്കെയായി ഒരുപാട് വെള്ളം നമുക്ക് ആവശ്യം വരാറുണ്ട്. എന്നാൽ കണക്കില്ലാതെ ഉപയോഗിക്കുന്നത് വെള്ളം പാഴാക്കുകയും ജലക്ഷാമത്തിന് കാരണമാവുകയും ചെയ്യുന്നു. ജലം പാഴാക്കാതെ ഉപയോഗിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.

പൈപ്പിൽ ചോർച്ചയോ വിള്ളലോ ഉണ്ടെങ്കിൽ അത് പരിഹരിക്കണം.  ചിലർ പൈപ്പ് തുറന്നാൽ ശരിയായ രീതിയിൽ അടക്കാറില്ല. ഇങ്ങനെ ചെയ്യുമ്പോൾ വെള്ളം പൈപ്പിൽ നിന്നും തുള്ളി തുള്ളിയായി പോയികൊണ്ടിരിക്കും. പല്ല് തേക്കാനും പാത്രം കഴുകാനും വെള്ളം ഉപയോഗിക്കുമ്പോൾ തുടർച്ചയായി പൈപ്പ് തുറന്നുവെക്കരുത്. ആവശ്യം വരുമ്പോൾ ഉപയോഗിച്ചതിന് ശേഷം നന്നായി അടക്കണം. ഏറ്റവും അധികം വെള്ളം ചിലവ് വരുന്നത് ബാത്റൂമിലാണ്. അതുകൊണ്ട് തന്നെ ബാത്റൂമുകളിൽ വെള്ളം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഷവർ ഉപയോഗിച്ച് കുളിക്കുന്നവർ വെള്ളം പൂർണമായും തുറന്നിടാതെ വെള്ളത്തിന്റെ വേഗം കുറച്ചുവെക്കണം. ലോ ഫ്ലഷ് ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നത് അമിതമായി വെള്ളം ചിലവാകുന്നത് തടയും. 

അടുക്കളയിൽ വെള്ളത്തിന്റെ ആവശ്യം കൂടുതലാണെങ്കിലും ഒരു പരിധിവരെ ഇത് നിയന്ത്രിക്കാൻ സാധിക്കും. പാത്രങ്ങൾ കഴുകുമ്പോൾ തുടർച്ചയായി പൈപ്പ് തുറന്നുവെക്കാതെ ആവശ്യമുള്ളപ്പോൾ മാത്രം തുറന്ന് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. മറ്റ് ആവശ്യങ്ങൾക്കായി ഇടക്ക് ഇടക്ക് പൈപ്പ് തുറക്കാതെ വെള്ളം ഒരു പാത്രത്തിൽ പിടിച്ചുവെച്ച് ഉപയോഗിക്കാവുന്നതാണ്. പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കുമ്പോൾ ഓരോന്നായി കഴുകാതെ വെള്ളം പിടിച്ചുവെച്ച് ഒരുമിച്ച് കഴുകിയെടുക്കണം.

വേനൽക്കാലങ്ങളിൽ ഹോസ് ഉപയോഗിച്ച് ചെടി നനക്കാതിരിക്കുക. കാരണം ഹോസിൽ നിന്നും അമിതമായി ജലം വരുന്നതുകൊണ്ട് തന്നെ വെള്ളം പാഴാകാൻ ഇത് കാരണമാകും. ഹോസിന് പകരം ബക്കറ്റിൽ വെള്ളം പിടിച്ചുവെച്ച് നനക്കാവുന്നതാണ്. ഉപയോഗിച്ച് കഴിഞ്ഞ വെള്ളം മറ്റ് അഴുക്കുകളൊന്നും കലർന്നിട്ടില്ലെങ്കിൽ ചെടികൾ നനക്കാൻ എടുക്കാവുന്നതാണ്. വാഷിംഗ് മെഷീനിൽ നിന്നും പുറംതള്ളുന്ന വെള്ളവും മറ്റ് കുഴപ്പങ്ങളൊന്നുമില്ലെങ്കിൽ ചെടി നനക്കാൻ എടുക്കാവുന്നതാണ്.

ജലസ്രോതസ്സുകൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. ഇല്ലെങ്കിൽ ആവശ്യത്തിന് ഉപയോഗിക്കാൻ വെള്ളം കിട്ടില്ല. അതുകൊണ്ട് തന്നെ നമ്മുടെ വീടുകളിലുള്ള കിണർ എപ്പോഴും സംരക്ഷിക്കേണ്ടതുണ്ട്. കിണറിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയാതെ ശ്രദ്ധിക്കണം. വെള്ളം ഇടക്ക് ഇടക്ക് ശുചീകരിക്കുകയും ക്ലോറിനേറ്റ് ചെയ്ത് മാലിന്യമുക്തമാക്കുകയും ചെയ്യണം. ജലത്തെ സംരക്ഷിക്കുന്ന ചെടിയാണ് രാമച്ചം. അതുകൊണ്ട് ഇവ കിണറിന്റെ പരിസരത്ത് നട്ടുപിടിപ്പിക്കുന്നത് നല്ലതായിരിക്കും.