എല്ലാ കുരുമുളകും കുരുമുളകല്ല; വ്യാജനെ കണ്ടെത്താം: ഇതാ ചില പൊടിക്കൈകൾ
അടുക്കളയിൽ പാചകം നടക്കണമെങ്കിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി തുടങ്ങിയ മസാലപ്പൊടികൾ മസ്റ്റാണ്. പണ്ടുകാലങ്ങളിൽ മുളകും മല്ലിയും മഞ്ഞളുമൊക്കെ ഉണക്കിപ്പൊടിച്ചാണ് ഇത്തരം മസാലപ്പൊടികൾ തയ്യാറാക്കിയിരുന്നത്.
എന്നാലിപ്പോൾ ജീവിതം തിരക്കേറിയതായപ്പോൾ പാക്കറ്റ് പൊടികളെയാണ് എല്ലാവരും ആശ്രയിക്കുന്നത്. പാക്കറ്റ് പൊടികളുടെ ഉപയോഗം വർദ്ധിച്ചതോടെ മായം ചേർക്കലും സാധാരണമായി. പൊടികളുടെ നിറവും അളവും കാലാവധിയും വർദ്ധിപ്പിക്കുന്നതിനാണ് കൂടുതലായും പൊടികളിൽ മായം കലർത്തുന്നത്.
മസാലപ്പൊടികളിലെ മായം ആരോഗ്യത്തിന് ഹാനികരമാണെന്ന് മാത്രമല്ല, മരണത്തിലേയ്ക്കുവരെ നയിച്ചേക്കാം. അതിനാൽ ഇത്തരം മായം കണ്ടെത്താൻ ചില പൊടിക്കൈകൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
- മുളകുപൊടി: ഒരു ഗ്ളാസ് വെള്ളമെടുത്ത് അതിൽ ഒരു സ്‌പൂൺ മുളകുപൊടി ചേർത്ത് അഞ്ചുമിനിട്ട് മാറ്റിവയ്ക്കുക. പൊടി ഗ്ളാസിന്റെ താഴെ അടിഞ്ഞുകഴിഞ്ഞ് വെള്ളം ചുവപ്പുനിറം ആവുകയാണെങ്കിൽ കൃത്രിമ നിറങ്ങൾ ചേർത്തിട്ടുള്ളതായി മനസിലാക്കാം. മായം കലർത്തിയിട്ടില്ലെങ്കിൽ വെള്ളം തെളിഞ്ഞതായിരിക്കും. മഞ്ഞൾപ്പൊടിയും ഇതേരീതിയിൽ മനസിലാക്കാം.
- ജീരകം: ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്‌പൂൺ ജീരകം ഇട്ടതിനുശേഷം അൽപസമയം മാറ്റിവയ്ക്കണം. നല്ല ജീരകം ഗ്ളാസിനുതാഴെ അടിഞ്ഞുകൂടുന്നതും കൃത്രിമമായവ വെള്ളത്തിന് മുകളിലായി പൊങ്ങിക്കിടക്കുന്നതും കാണാൻ കഴിയും. ജീരകത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ, ഒരു നുള്ള് എടുത്ത് കൈപ്പത്തിയിൽവച്ച് നന്നായി അമർത്തി നോക്കാം. കൈപ്പത്തി ചാരനിറമോ കറുപ്പോ ആയി മാറിയാൽ ജീരകം നല്ലതല്ലെന്ന് ഉറപ്പിക്കാം.
- കുരുമുളക്: സാധാരണയായി പപ്പായ വിത്തുകളാണ് കുരുമുളകിനൊപ്പം ചേർക്കുന്നത്. ഒരു സ്‌പൂൺ കുരുമുളക് ഒരു ഗ്ളാസ് ജിൻ അല്ലെങ്കിൽ വോഡ്കയിൽ ചേർക്കുക. പപ്പായ വിത്തുകൾ അടിയിൽ അടിഞ്ഞുകൂടും, യഥാർത്ഥ കുരുമുളക് പൊങ്ങിക്കിടക്കും.