ഇടയ്ക്കിടെയുള്ള രോഗബാധ അലട്ടുന്നുവോ?; ചിലപ്പോൾ വൈറ്റമിൻ ഡിയുടെ അഭാവമാകാം

  1. Home
  2. Lifestyle

ഇടയ്ക്കിടെയുള്ള രോഗബാധ അലട്ടുന്നുവോ?; ചിലപ്പോൾ വൈറ്റമിൻ ഡിയുടെ അഭാവമാകാം

vitamin d


ശരീരത്തിൽ കാൽസ്യത്തിൻറെയും ഫോസ്‌ഫേറ്റിൻറെയും തോത് നിയന്ത്രിക്കുന്ന അവശ്യ പോഷണമാണ് സൺഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്ന വൈറ്റമിൻ ഡി. എല്ലുകൾ, പല്ലുകൾ, പേശികൾ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ വൈറ്റമിൻ ഡി സഹായിക്കുന്നു. ഇതിൻറെ അഭാവം കുട്ടികളിൽ റിക്കറ്റ്‌സ് പോലുള്ള രോഗങ്ങൾക്കും മുതിർന്നവരിൽ ഓസ്റ്റിയോമലാസിയക്കും ഓസ്റ്റിയോപോറോസിസിനും കാരണമാകാം. കുറഞ്ഞ തോതിലുള്ള വൈറ്റമിൻ ഡി എല്ലുകളുടെ സാന്ദ്രത കുറച്ച് ഒടിവുകൾക്കുള്ള സാധ്യതയും വർധിപ്പിക്കും. പ്രമേഹം, ഉയർന്ന രക്തസമ്മർദം, അർബുദം, മൾട്ടിപ്പിൾ സ്‌കളീറോസിസ് പോലുള്ള ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ എന്നിവയും വൈറ്റമിൻ ഡി അഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ശരീരത്തിൻറെ പ്രതിരോധ സംവിധാനം ശക്തമാക്കാനും വൈറ്റമിൻ ഡി ആവശ്യമാണ്. പനിയും ജലദോഷവുമൊക്കെ തടയാൻ ഇതിനാൽ തന്നെ വൈറ്റമിൻ ഡി വേണം. ഇടയ്ക്കിടെ രോഗം ബാധിക്കുന്നത് ദുർബലമായ പ്രതിരോധ ശേഷിയുടെ മാത്രമല്ല വൈറ്റമിൻ ഡി അഭാവത്തിൻറെ കൂടി പ്രതിഫലനമാകാമെന്ന് പറയുന്നത് ഇതിനാലാണ്. ഇടയ്ക്കിടെയുള്ള രോഗങ്ങൾക്ക് പുറമേ അമിതമായ ക്ഷീണം,  ഉറക്കമില്ലായ്മ, എല്ലുവേദന, വിഷാദം, മുടികൊഴിച്ചിൽ, പേശിക്ക് ദുർബലത, വിശപ്പില്ലായ്മ എന്നിവയും വൈറ്റമിൻ ഡി അഭാവം മൂലമുണ്ടാകാം. 

ആവശ്യത്തിന് വെയിൽ കൊള്ളുന്നതിലൂടെയും പോഷക സമൃദ്ധമായ ഭക്ഷണത്തിലൂടെയും വൈറ്റമിൻ ഡി തോത് ശരീരത്തിൽ വർധിപ്പിക്കാം. മഞ്ഞുകാലത്ത് ആവശ്യത്തിന് വെയിൽകൊള്ളാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നതിനാൽ ഭക്ഷണത്തിലൂടെ ഈ കുറവ് പരിഹരിക്കാൻ ശ്രമിക്കേണ്ടതാണ്. മത്തി, സാൽമൺ പോലുള്ള എണ്ണമയമുള്ള മീനുകൾ, റെഡ് മീറ്റ്, കരൾ, മുട്ടയുടെ മഞ്ഞക്കരു, ഫോർട്ടിഫൈ ചെയ്യപ്പെട്ട ഭക്ഷണവിഭവങ്ങൾ എന്നിവ വൈറ്റമിൻ ഡിയുടെ സമ്പന്ന സ്രോതസ്സുകളാണ്. 
ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിന് വൈറ്റമിൻ ഡി ലഭിക്കാത്തവർക്ക് സപ്ലിമെൻറുകളെയും ഇതിനായി ആശ്രയിക്കാം. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരുമൊക്കെ ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്. പ്രതിദിനം 10 മൈക്രോഗ്രാം വൈറ്റമിൻ ഡിയാണ് മുതിർന്നൊരാളുടെ ശരീരത്തിന് ആവശ്യം. എന്നാൽ അമിതമായി വൈറ്റമിൻ ഡി സപ്ലിമെൻറുകൾ കഴിക്കുന്നത് കാൽസ്യം ശരീരത്തിൽ ഉയരുന്ന ഹൈപ്പർ കാൽസീമിയ എന്ന പ്രശ്‌നത്തിലേക്ക് നയിക്കും. ഇത് എല്ലുകളെ ദുർബലമാക്കുകയും വൃക്കകൾക്കും ഹൃദയത്തിനും ക്ഷതം വരുത്തുകയും ചെയ്യും. ആവശ്യമായ പരിശോധനകൾക്ക് ശേഷം ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമേ ഇതിനാൽ സപ്ലിമെന്റുകൾ കഴിക്കാവുള്ളൂ.