ഒന്നിലധികം പ്രണയങ്ങൾ, വിവാഹവും കുട്ടികളും വേണ്ട; ഇപ്പോൾ ട്രെൻഡ് ‘സോളോപോളിയാമോറി’

കണ്‍ഫ്യൂഷനടിപ്പിക്കുന്ന ചില റിലേഷന്‍ഷിപ്പ് വാക്കുകളാണ് ഇന്ന് ട്രന്റിംഗ്. അത്തരത്തിൽ ഒന്നാണ് ജെൻ സി യുവതയുടെ ഇടയിലുള്ള സോളോപോളിയാമോറി. സംഭവം സിംമ്പിളാണ് ഒറ്റയ്ക്കാണോ എന്നു ചോദിച്ചാൽ അതെ, എന്നാൽ പ്രണയമുണ്ടോയെന്നു ചോദിച്ചാൽ ഒന്നിലധികമുണ്ട് എന്ന് പറയാം. പ്രണയബന്ധങ്ങളിൽ ഉത്തരവാദിത്തങ്ങളുടെ കെട്ടുപാടുകളില്ല എന്നതാണ് ഇതിന്റെ പ്രത്യോകത. ‘എന്റെ ജീവിതം, എന്റെ താൽപര്യം, എന്റെ നിയമങ്ങൾ’ എന്ന് ചിന്തിക്കുന്നവരാണ് ഇക്കൂട്ടർ. ഒരേ സമയം ഒന്നിലധികം പങ്കാളികൾ വേണമെന്ന് ആഗ്രഹിക്കുകയും അതേസമയം ആരോടും ഒരു തരത്തിലുള്ള ബാധ്യതകളുമില്ലാതെ സ്വതന്ത്രമായി ജീവിക്കാനിഷ്ടപ്പെടുകയും ചെയ്യുന്നവർക്കു സ്വീകരിക്കാവുന്ന പ്രണയ ബന്ധമാണ് സോളോപോളിയാമോറി.
ജീവിതത്തിലെ ഒരു കാര്യങ്ങളും മറ്റൊരാളുമായിട്ട് ഷെയര്‍ ചെയ്യാതിരിക്കുന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ബന്ധങ്ങളുടെ പേരിൽ സമൂഹം അടിച്ചേൽപ്പിക്കുന്ന ഒരു ബാധ്യതയും ഏറ്റെടുക്കാൻ ഇവർക്കിഷ്ടമല്ല. ഡേറ്റിംഗ്, ഒരുമിച്ച് താമസം, വിവാഹം, കുട്ടികള്‍, സാമ്പത്തിക പങ്കാളിത്തം, ഇതൊന്നും ഇത്തരം റിലേഷന്‍ഷിപ്പില്‍ ഉണ്ടാകില്ല. സ്വന്തം ജീവിത ലക്ഷ്യങ്ങൾക്കും വളർച്ചയ്ക്കും സന്തോഷത്തിനും പ്രണയ ബന്ധങ്ങൾ ഒരിക്കലും തടസ്സമാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് സോളോപോളിയാമോറി തിരഞ്ഞെടുക്കുന്നത്. പ്രണയവും വ്യക്തിത്വവും ഒരുപോലെ ആഘോഷിക്കുന്ന ഒരു റിലേഷന്‍ഷിപ്പ് ശൈലിയാണിത്.