രജൗരിയിലെ 17 പേരുടെ ദുരൂഹ മരണം; വിഷം ഉള്ളിൽ ചെന്ന് ; പ്രാഥമിക അന്വേഷണം പൂർത്തിയായി

  1. Home
  2. National

രജൗരിയിലെ 17 പേരുടെ ദുരൂഹ മരണം; വിഷം ഉള്ളിൽ ചെന്ന് ; പ്രാഥമിക അന്വേഷണം പൂർത്തിയായി

death


 

ജമ്മു രജൗരിയിലെ 17 പേരുടെ ദുരൂഹ മരണത്തിൽ കാരണം കണ്ടെത്തിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. സർക്കാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് കണ്ടെത്തിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. എന്നാൽ വിഷാംശം ഏതാണെന്ന് കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. ബാക്ടീരിയ വൈറൽ ബാധകൊണ്ടല്ല മരണമെന്നും ഇതുസംബന്ധിച്ച് കൂടൂതൽ പരിശോധനകൾ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. 

17 പേർ മരിച്ചത് കൂടാതെ കഴിഞ്ഞ ദിവസം അഞ്ച് പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ബുധനാഴ്ച ബാദൽ ഗ്രാമത്തെ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്തെ എല്ലാ ഒത്തുചേരലുകളും നിരോധിച്ചു. ഡിസംബർ മാസം മുതലാണ് ദുരൂഹമായ കാരണങ്ങൾ കൊണ്ട് മൂന്ന് കുടുംബങ്ങളിലെ കുട്ടികൾ ഉൾപ്പെടെ 17 അംഗങ്ങൾ മരിച്ചത്. മറ്റ് പലരും രോഗബാധിതരായി തുടരുകയാണ്. അതിനിടെയാണ് അഞ്ച് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

രോഗബാധിതരായ അഞ്ചുപേരെ ആദ്യം കണ്ടി സിഎച്ച്‌സിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയായ അജാസ് ഖാനെ (25) പിജിഐ ചണ്ഡീഗഡിലേക്ക് റഫർ ചെയ്തു. മൂന്ന് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ മുമ്പ് സിഎച്ച്സിയിൽ നിന്ന് ജിഎംസി രജൗരിയിലേക്ക് റഫർ ചെയ്തിരുന്നു. ആർമി ഹെലികോപ്റ്ററിലാണ് ഇവരെ ജമ്മുവിലേക്ക് മാറ്റിയത്. 

ബിഎൻഎസ് സെക്ഷൻ 163 പ്രകാരം രജൗരി ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് ശർമ്മ പുറപ്പെടുവിച്ച ഉത്തരവിൽ, പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും അണുബാധ പടരുന്നത് തടയുന്നതിനുമാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് വ്യക്തമാക്കി. നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ കണ്ടെയ്ൻമെൻ്റ് സോണിനുള്ളിലെ കുടുംബങ്ങൾക്ക് നൽകുന്ന എല്ലാ ഭക്ഷണങ്ങളിലും മേൽനോട്ടം വഹിക്കുകയും നിരീക്ഷിക്കുകയും ചെയ്യുമെന്നും  ഉത്തരവിൽ പറയുന്നു.

മരണം സംഭവിച്ച കുടുംബങ്ങളുടെ വീടുകൾ സീൽ ചെയ്യുമെന്നും നിയുക്ത അനുമതിയില്ലാതെ ആരെയും പ്രദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി. കുടുംബങ്ങളിലെ വ്യക്തികളെയും അവരുമായി അടുത്ത ബന്ധം പുലർത്തുന്നവരെയും തുടർച്ചയായ ആരോഗ്യ നിരീക്ഷണത്തിനായി ഉടൻ തന്നെ ജിഎംസി രജൗരിയിലേക്ക് മാറ്റണമെന്നും ഉത്തരവിൽ പറയുന്നു.