ശ്രീനഗർ വിമാനത്താവളത്തില്‍ സ്ഥാപിച്ച പുകവലി കേന്ദ്രം 'പുലിവാലായി; വിമർശനവുമായി നിരവധി പേർ രംഗത്ത്
ശ്രീനഗർ വിമാനത്താവളത്തില്‍ പുതുതായി ഉദ്ഘാടനം ചെയ്ത പുകവലി കേന്ദ്രം അക്ഷരാര്‍ത്ഥത്തില്‍ 'പുലിവാൽ' പിടിച്ച അവസ്ഥയിലാണ്. വിമാനത്താവളത്തിനുള്ളിലെ സുരക്ഷ മേഖലക്കുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന ഈ പുകവലി കേന്ദ്രത്തിനെതിരെ വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉൾപ്പെടെ ഉയരുന്നത്.
കരൾ രോഗ വിദഗ്ധനായ ഇന്ത്യൻ ഡോക്ടർ സിറിയക്ക് എബി ഫിലിപ്പ് വിമാനത്താവളത്തിനുള്ളിലെ പുകവലി കേന്ദ്രത്തിനോടുള്ള തന്‍റെ എതിർപ്പ് പരസ്യമാക്കിയതോടെയാണ് സംഭവം സമൂഹ മാധ്യമത്തില്‍ ചർച്ചയായത്. ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകൾ സമൂഹ മാധ്യമത്തിലൂടെ തുറന്നു പറയുന്ന ഡോക്ടർ, ഈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചവരെ 'വിഡ്ഢികൾ' എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് തന്‍റെ നിരാശ പ്രകടിപ്പിച്ചത്.
'ഇത് വിഡ്ഢികളുടെ വിഡ്ഢികളാണെന്ന് ദിനംപ്രതി പുതിയ ഇന്ത്യ എന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരു വിമാനത്താവളത്തിലെ പുകവലി മേഖലയുടെ ആവേശകരമായ ഉദ്ഘാടനം' എന്നായിരുന്നു ദി ലിവര്‍ ഡോക്ടർ എന്ന് എക്സില്‍ അറിയപ്പെടുന്ന ഡോക്ടർ സിറിയക്ക് എബി ഫിലിപ്പ് എഴുതിയത്. ഗേറ്റ് 07 -ന് സമീപം സ്ഥിതി ചെയ്യുന്ന ഈ പുതിയ പുകവലി കേന്ദ്രം, പുകവലിക്കാർക്ക് വിശ്രമിക്കാൻ ഒരു പ്രത്യേക ഇടം നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് എയർപോർട്ട് അധികൃതർ പറയുന്നു. എന്നാൽ, ഈ നീക്കത്തെ നിരവധി പേരാണ് വിമർശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത്.