ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് പ്രമേയം; ജമ്മു കശ്മീർ നിയമസഭയിൽ എംഎൽഎമാരുടെ കയ്യാങ്കളി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന പ്രമേയത്തിനെതിരായ ബിജെപിയുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. സ്പീക്കറുടെ നിർദേശ പ്രകാരം മൂന്ന് എംഎൽഎമാരെ മാർഷലുകളുടെ അകമ്പടിയോടെ പുറത്താക്കിയെങ്കിലും മറ്റ് പ്രതിപക്ഷ അംഗങ്ങൾ എതിർത്തതോടെ സംഘർഷം രൂക്ഷമായി. ബഹളത്തിനിടയിൽ സ്പീക്കർ അബ്ദുൾ റഹീം റാത്തർ സഭ ഇന്നത്തേക്ക് നിർത്തിവച്ചു.
കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയത്തിൽ ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചതോടെ നിയമസഭ സമ്മേളിച്ചയുടൻ തന്നെ ബഹളം തുടങ്ങിയിരുന്നു. ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുനിൽ ശർമ്മ പ്രമേയത്തിൽ സംസാരിച്ചുകൊണ്ടിരിക്കെ, അവാമി ഇത്തേഹാദ് പാർട്ടി നേതാവും ലംഗേറ്റിൽ നിന്നുള്ള എം.എൽ.എയുമായ ഷെയ്ഖ് ഖുർഷീദ് “ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കണം” എന്നെഴുതിയ ബാനർ പ്രദർശിപ്പിച്ചു. ഇതോടെ പ്രകോപിതരായ ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിലേയ്ക്ക് ഇറങ്ങുകയും ബാനർ തട്ടിയെടുത്ത് കീറിമുറിക്കുകയും ചെയ്തു. ബഹളം ശമിപ്പിക്കാൻ സ്പീക്കർക്ക് 15 മിനിറ്റോളം സഭ നിർത്തിവെയ്ക്കേണ്ടി വന്നു. എന്നാൽ, സഭ നിർത്തിവെച്ച ശേഷവും ബിജെപി അംഗങ്ങൾ പ്രതിഷേധം തുടർന്നു.