ഫാൽത്തയിൽ ബിജെപിക്ക് വൻ ജയം; ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ദേബാംഗ്ഷു പാണ്ഡ വിജയിച്ചു
പശ്ചിമ ബംഗാളിലെ ഫാൽത്ത മണ്ഡലത്തിൽ നടന്ന റീപോളിംഗിൽ ബിജെപിക്ക് വമ്പൻ ജയം. ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡ 1,00,921 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെ 1,49,666 വോട്ടുകളാണ് അദ്ദേഹം നേടിയത്.സിപിഎമ്മിന്റെ ശംഭുനാഥ് കുർമി 40,645 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസ് സ്ഥാനാർത്ഥി അബ്ദുർ റസ്സാഖ് മൊല്ല 10,084 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തായി. മത്സരത്തിൽ നിന്ന് പിൻമാറുന്നതായി നേരത്തെ പ്രഖ്യാപിച്ച തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ 7,783 വോട്ടുകൾ നേടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ജഹാംഗീർ ഖാന്റെ നേതൃത്വത്തിൽ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടർന്നാണ് ഫാൽത്ത മണ്ഡലത്തിൽ റീപോളിംഗ് നടത്തിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ 294 അംഗ പശ്ചിമ ബംഗാൾ നിയമസഭയിൽ ബിജെപിയുടെ അംഗബലം 208 ആയി ഉയർന്നു.
