വിവാഹവേദിക്ക് സമീപം വധുവിന്റെ കാമുകനെ മരിച്ച നിലയിൽ കണ്ടെത്തി; കേസ്

കാമുകിയുടെ വിവാഹ വേദിക്ക് പുറത്ത് കാറിനുള്ളിൽ തീ പിടിച്ച് കത്തിക്കരിഞ്ഞ നിലയിൽ 24കാരനായ കമുകന്റെ മൃതദേഹം ലഭിച്ചു. കിഴക്കൻ ഡൽഹിയിലെ ഗാസിപൂരിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. കാറിൽ തീ പടർന്ന് നിമിഷങ്ങൾക്കുള്ളിൽ സീറ്റിലിരുന്ന യുവാവിലേക്കും തീ പടരുകയായിരുന്നു. മാരുതി വാഗൺ ആർ കാറാണ് കത്തിനശിച്ചത്. നോയിഡ സ്വദേശിയായ ടാക്സി ഡ്രൈവ അനിൽ ആണ് മരിച്ചത്.
പ്രണയിച്ച യുവതി മറ്റൊരാളുമായി വിവാഹം ചെയ്തതിലെ മനോവിഷമം മൂലം അനിൽ ജീവനൊടുക്കിയതാണെന്നാണ് യുവാവിന്റെ കുടുംബം ആരോപിക്കുന്നത്. യുവാവ് പ്രണയത്തിലായിരുന്നു യുവതിയുമായുള്ള വിവാഹത്തിന് യുവതിയുടെ പിതാവ് സമ്മതിച്ചിരുന്നില്ല. ഇതിന് പിന്നാലെ ശനിയാഴ്ച യുവതിയുടെ വിവാഹം നടന്നിരുന്നു. ഈ വിവാഹ വേദിക്ക് വെളിയിലാണ് അനിലിനെ മരിച്ച നിലയിൽ കണ്ടത്. സമീപത്തുണ്ടായിരുന്നവർ കാറിന്റെ ചില്ല് തകർത്ത് യുവാവിനെ പുറത്ത് എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ കത്തിക്കരിഞ്ഞ നിലയിലാണ് യുവാവിന്റെ മൃതദേഹമുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.