പതാകയിൽ നിന്ന് ആനയുടെ ചിഹ്നം നീക്കണം ; വിജയിയുടെ ടി.വി.കെയ്ക്ക് ബി.എസ്.പിയുടെ വക്കീൽ നോട്ടീസ്

നടൻ വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കൊടിയിൽ നിന്ന് ആനയുടെ ചിഹ്നം നീക്കണണമെന്നാവശ്യപ്പെട്ട് ബിഎസ്പിയുടെ വക്കീൽ നോട്ടീസ്. ബിഎസ്‌പിയുടെ തമിഴ്നാട് ഘടകമാണ് നോട്ടീസ് അയച്ചത്. 5 ദിവസത്തിനുള്ളിൽ മാറ്റം വരുത്തണമെന്നാണ് നോട്ടീസിലുള്ളത്.
കഴിഞ്ഞ സെപ്തംബർ 22 ന് തമിഴക വെട്രി കഴകത്തിന്റെ കൊടി പുറത്തിറക്കിയപ്പോൾ തന്നെ ബഹുജൻ സമാജ്‍വാദി പാർട്ടി കടുത്ത എതിർപ്പ് അറിയിച്ചിരുന്നു. ടിവികെയുടെ കൊടിയിൽ ഇടതും വലതുമായി ആനയുടെ ചിഹ്നങ്ങളുണ്ട്. ബിഎസ്‌പിയുടെ തെരഞ്ഞെടുപ്പ് ചിഹന്മായ ആനയെ ടിവികെ പതാകയിൽ ഉപയോഗിക്കാൻ ആകില്ലെന്നാണ് പാർട്ടിയുടെ വാദം.
കൊടിയിൽ മാറ്റം വരുത്താൻ ആവശ്യപ്പെടണമെന്ന് കാട്ടി ബിഎസ്‌പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ കൊടിയുടെ കാര്യത്തിൽ തങ്ങൾക്ക് റോളില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പിന്നാലെയാണ് ബിഎസ്‌പിയുടെ സംസ്ഥാന ഘടകത്തിന്റെ വക്കീൽ നോട്ടീസ്.