മക്കൾക്കൊപ്പം തടാകം മുറിച്ചു കടക്കുന്ന 'രൺതംബോറിലെ രാജ്ഞി'; അപൂർവ്വമായ കാഴ്ച!

രൺതംബോർ വന്യജീവി സങ്കേതത്തിൽ നിന്നുള്ള ഒരു അപൂര്‍വ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. 'രൺതംബോറിലെ രാജ്ഞി' എന്ന പേരിൽ അറിയപ്പെടുന്ന റിദ്ധി T -124 കടുവ തൻ്റെ മക്കളോടൊപ്പം ഒരു തടാകം മുറിച്ചുകിടക്കുന്ന ദൃശ്യങ്ങളാണ് ഇത്. ഈ അവിസ്മരണീയമായ കാഴ്ച തന്റെ ക്യാമറയിൽ പകർത്തിയത് ഫോട്ടോഗ്രാഫറായ സന്ദീപാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം രണ്ട് ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. കടുവകളുടെ ലോകത്ത്, ഇതിഹാസമായ കടുവ മച്ചാലിയുടെ അഞ്ചാം തലമുറയാണ് റിദ്ധി.
റിദ്ധിയും അവളുടെ കുഞ്ഞുങ്ങളും ഒരു ദ്വീപിലേക്ക് പോകുന്നതിനായി നാഷണൽ പാർക്കിൻ്റെ സോൺ 3 -ലെ രാജ്‌ബോഗ് തടാകം മുറിച്ചുകടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ. മറ്റ് വിനോദസഞ്ചാരികൾക്കൊപ്പം സന്ദീപ് സായാഹ്ന സഫാരി നടത്തുമ്പോഴാണ് ഈ അവിസ്മരണീയ കാഴ്ചയ്ക്ക് സാക്ഷിയായതും ക്യാമറയിൽ പകർത്തിയതും. 'തന്റെ ജീവിതത്തിലെ അപൂർവ്വമായ കാഴ്ച' എന്ന കുറിപ്പോടെയാണ് സന്ദീപ് ഈ വീഡിയോ പങ്കുവെച്ചത്.