സിദ്ധരാമയ്യയെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്തു; മുൻ മന്ത്രിക്കെതിരെ കേസെടുത്തു

  1. Home
  2. National

സിദ്ധരാമയ്യയെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്തു; മുൻ മന്ത്രിക്കെതിരെ കേസെടുത്തു

ashwath-narayan


തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്തതിന് കർണാടക മുൻ മന്ത്രിക്കെതിരെ കേസെടുത്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മുൻ മന്ത്രിയും മല്ലേശ്വരം എംഎൽഎയുമായ അശ്വത് നാരായണനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വൊക്കലിഗ പടയാളികളായ ഉറി ഗൗഡയും നഞ്ചഗൗഡയും ടിപ്പു സുൽത്താനെ അവസാനിപ്പിച്ചതു പോലെ സിദ്ധരാമയ്യയെയും ചെയ്യണമെന്നായിരുന്നു അശ്വത് ആഹ്വാനം ചെയ്തത്. 

ഫെബ്രുവരി 15ന് മണ്ഡ്യയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു സംഭവം. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ അന്നു തന്നെ കോൺഗ്രസ് വക്താവ് എം.ലക്ഷ്മണൻ പരാതി നൽകിയിരുന്നു. "കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തോറ്റാൽ ടിപ്പുവിനെ ആരാധിക്കുന്ന സിദ്ധരാമയ്യ അധികാരത്തിലെത്തും. നിങ്ങൾക്ക് ടിപ്പുവിനെ വേണോ അതോ സവർക്കറെ വേണോ? ഈ ടിപ്പു സുൽത്താനെ എവിടേക്ക അയയ്ക്കണം? ഉറി ഗൗഡ, നഞ്ച ഗൗഡ എന്നിവർ എന്താണ് ചെയ്തത്? നിങ്ങൾ സിദ്ധരാമയ്യയെ അതേ രീതിയിൽ അവസാനിപ്പിക്കണം." എന്നായിരുന്നു മന്ത്രി പ്രസംഗത്തിൽ പറഞ്ഞത്.
 
എന്നാൽ പ്രസ്താവന വിവാദമായതോടെ മന്ത്രി നിയമസഭയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയം ഉറപ്പാക്കണമെന്നായിരുന്നു ഉദ്ദേശിച്ചത്. വ്യക്തിപരമായി  സിദ്ധരാമയ്യയുമായി അഭിപ്രായ വ്യത്യാസമില്ല. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വ്യത്യാസങ്ങൾ മാത്രമേയുള്ളൂ. തന്റെ പ്രസ്താവന അദ്ദേഹത്തെ വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു മന്ത്രി പറഞ്ഞത് .