സത്യപ്രതിജ്ഞാ ദിവസത്തെ 'സിങ്കപ്പെൺ' പ്രഖ്യാപനം യാഥാർഥ്യമാക്കി മുഖ്യമന്ത്രി വിജയ്; സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക ദൗത്യസേന
തമിഴ്‌നാട്ടിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ലക്ഷ്യമിട്ടുള്ള പ്രത്യേക 'സിങ്കപ്പെൺ' ദൗത്യസേന നിലവിൽ വന്നു. ചെന്നൈയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് സേനയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ദൗത്യസേനയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്ത മുഖ്യമന്ത്രി, സേനയ്ക്കായി പ്രത്യേകം തയാറാക്കിയ പട്രോളിങ് വാഹനങ്ങൾ സ്വയം ഓടിച്ചതിന് ശേഷമാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക ദൗത്യസേന രൂപീകരിക്കുമെന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം വിജയ് പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനമാണ് ഇപ്പോൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ യാഥാർത്ഥ്യമായിരിക്കുന്നത്. സിങ്കപ്പെൺ സേനയിലേക്ക് ആദ്യഘട്ടമെന്ന നിലയിൽ ഉടൻ തന്നെ 2,500 വനിതാ പൊലീസുകാരെ നിയമിക്കുമെന്നും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ മുൻകൂട്ടി തടയുക എന്നതാകും ഈ സേനയുടെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് മുൻപ് ഭരിച്ചിരുന്ന ഡിഎംകെ സർക്കാർ ലഹരിവസ്തുക്കളുടെ ഒഴുക്ക് തടയുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടത് കൊണ്ടാണ് നിലവിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ കാരണമായതെന്ന് ചടങ്ങിൽ വിജയ് രൂക്ഷമായി വിമർശിച്ചു. ലഹരിക്കെതിരെയും സ്ത്രീ സുരക്ഷയ്ക്കായും തന്റെ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ, തമിഴ്‌നാട് മന്ത്രിമാർ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
