തോട്ടിപ്പണി പൂർണമായും അവസാനിപ്പിക്കണം; 6 നഗരങ്ങളോട് സുപ്രീം കോടതി റിപ്പോർട്ട് തേടി

  1. Home
  2. National

തോട്ടിപ്പണി പൂർണമായും അവസാനിപ്പിക്കണം; 6 നഗരങ്ങളോട് സുപ്രീം കോടതി റിപ്പോർട്ട് തേടി

Sc


രാജ്യത്തെ മെട്രോപൊളിറ്റൻ നഗരങ്ങളായ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ തോട്ടിപ്പണി (മാന്വൽ സ്‌കാവഞ്ചിങ്) സമ്പ്രദായം പൂർണമായും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടി സുപ്രീംകോടതി. തോട്ടിപ്പണി പൂർണമായും അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇത് എപ്പോൾ, എങ്ങനെ ഒഴിവാക്കുമെന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശിച്ചിരുന്നത്. ജസ്റ്റിസ് സുധാൻഷു ദുലിയ ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് അതാത് നഗരങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരോട്‌ റിപ്പോർട്ട് തേടിയത്. ഫെബ്രുവരി 13ന് മുമ്പായി റിപ്പോർട്ട് സമർപ്പിക്കണമാണെന്നും ബെഞ്ച് നിർദ്ദേശിച്ചു.  

ഇന്ത്യയിൽ തോട്ടിപ്പണി ഉന്മൂലനം ചെയ്യുന്നത് ലക്ഷ്യമിട്ടുകൊണ്ട് 2023 ഒക്ടോബറിൽ സുപ്രീം കോടതി 14 നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇത് രാജ്യത്ത് നിന്നും പൂർണമായും ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാധ്യസ്ഥതയുണ്ടെന്നും സുപ്രീം കോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. 2024 ഡിസംബറിൽ വിഷയം വീണ്ടും പരിഗണിച്ചപ്പോൾ മറ്റ്‌ സംസ്ഥാനങ്ങളുമായി സഹകരിച്ച്, ഓരോ സംസ്ഥാനങ്ങളിലും എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് തോട്ടിപ്പണിയുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് ചോദിച്ചറിഞ്ഞ് റിപ്പോർട്ട് സമർപ്പിക്കാൻ യൂണിയൻ ഓഫ് ഇന്ത്യയോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.

775 ജില്ലകളുള്ള രാജ്യത്ത് 456 ജില്ലകളിലും തോട്ടിപ്പണി, മനുഷ്യവിസർജ്യം ആളുകളെ ഉപയോഗിച്ചുകൊണ്ട് നീക്കം ചെയ്യുന്ന സമ്പ്രദായം തുടരുന്നില്ലെന്ന് യൂണിയൻ ഓഫ് ഇന്ത്യ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഇത് പൂർണമായും ഒഴിവാക്കായിട്ടുണ്ടോ എന്നതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്ന്  ജനുവരി 29ന് റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി പറഞ്ഞു. ഇതിൽ വയ്ക്കാത്ത ആവശ്യപ്പെട്ടുകൊണ്ടാണ് കോടതി റിപ്പോർട്ട് തേടിയിരിക്കുന്നത്. 

കേന്ദ്രസർക്കാർ കണക്ക് അനുസരിച്ച് ആറുപത്തിനായിരത്തിനടുത്ത് തൊഴിലാളികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യസഭയിൽ നൽകിയ കണക്ക് പ്രകാരം 2018 മുതൽ 2022 വരെ 308 പേരാണ് ഈ തൊഴിലിനിടെ അപകടത്തിൽ മരിച്ചതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. തോട്ടിപ്പണി നിരോധനം, ഇതിലുൾപ്പെട്ടവരുടെ പുനരധിവാസം എന്നിവയ്ക്കുള്ള ചട്ടങ്ങളിൽ പതിനാല് നിർദ്ദേശങ്ങൾ നൽകി കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ.