ലോകത്തെ മികച്ച പാചകരീതികളില്‍ ഇന്ത്യ 12-ാമത്; ആദ്യ പത്തില്‍ ചൈനയും ജപ്പാനും

  1. Home
  2. National

ലോകത്തെ മികച്ച പാചകരീതികളില്‍ ഇന്ത്യ 12-ാമത്; ആദ്യ പത്തില്‍ ചൈനയും ജപ്പാനും

cooking


ലോകത്തെ ഏറ്റവും മികച്ച പാചകരീതികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍  12-ാം സ്ഥാനത്ത് ഇന്ത്യ. പ്രമുഖ ഫുഡ് ആന്‍ഡ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് ആണ് പട്ടിക പുറത്തുവിട്ടത്. ഗ്രീസ്, ഇറ്റലി, മെക്‌സിക്കോ, സ്‌പെയിന്‍ രാജ്യങ്ങളിലെ പാചകരീതികളാണ് ഏറ്റവും മികച്ചവയായി ടേസ്റ്റ് അറ്റ്‌ലസ് തിരഞ്ഞെടുത്തത്. വിവിധ ഭക്ഷ്യ പദാര്‍ഥങ്ങളുടെ റേറ്റിങ്ങുകള്‍ അനുസരിച്ചാണ് ഈ പട്ടിക തയ്യാറാക്കിയത്. 

പോര്‍ച്ചുഗല്‍, തുര്‍ക്കി, ഇന്‍ഡോനീഷ്യ, ഫ്രാന്‍സ്, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങള്‍ ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. മികച്ച വിഭവങ്ങള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയവയുടെ പട്ടികയും ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ടിട്ടുണ്ട്. അമൃത്‌സരി കുല്‍ച്ച, ബട്ടര്‍ ഗാര്‍ലിക് നാന്‍,  ഹൈദരാബാദ് ബിരിയാണി തുടങ്ങിയ ഇന്ത്യന്‍ വിഭവങ്ങള്‍ മുന്നിട്ടുനില്‍ക്കുന്നുണ്ട്.

ടേസ്റ്റ് അറ്റ്‌ലസ് അവാര്‍ഡ് 2024-25 ന്റെ ഭാഗമായാണ് വിവിധ കാറ്റഗറികളിലുള്ള പട്ടിക പുറത്തുവിട്ടത്. ലോകത്തിലെ ഏറ്റവും മികച്ച ഫ്രൈഡ് ചിക്കന്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ ചിക്കന്‍ 65-നെയാണ് ടേസ്റ്റ് അറ്റ്‌ലസ് തിരഞ്ഞെടുത്തത്. ബെസ്റ്റ് ഫ്രൈഡ് ചിക്കന്‍ വിഭവങ്ങളുടെ പട്ടികയില്‍ ആദ്യപത്തിലിടം നേടിയ ഏക ഇന്ത്യന്‍ വിഭവം കൂടിയാണ് ചിക്കന്‍ 65. ഇഞ്ചി, നാരങ്ങ, ചുവന്ന മുളക്, കൂടാതെ മറ്റു പലതരം സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ കൊണ്ട് മാരിനേറ്റ് ചെയ്ത ഡീപ്-ഫ്രൈഡ് ചിക്കന്‍ എന്നാണ് ടേസ്റ്റ് അറ്റ്‌ലസ് ചിക്കന്‍ 65നെ വിശേഷിപ്പിച്ചിരിക്കുന്നത്. 

1960 മുതല്‍ തമിഴ്‌നാട്ടില്‍ പ്രചാരത്തിലുള്ള വിഭവമാണിതെന്നും ടേസ്റ്റ് അറ്റ്‌ലസ് പറയുന്നു. കഴിഞ്ഞ വര്‍ഷവും ചിക്കന്‍ 65 പട്ടികയില്‍ ഇടം നേടിയിരുന്നു. പട്ടികയില്‍ ആദ്യസ്ഥാനങ്ങളിലുള്ളത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിഭവങ്ങളാണ്. ദക്ഷിണ കൊറിയയില്‍ നിന്നുള്ള ചിക്കന്‍, ജപ്പാനിലെ കരാഗേ എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഇടംനേടിയിരിക്കുന്നത്.