ഇന്ത്യയുടെ ആദ്യ ബഹിരാകാശ റോബോട്ടിക് ആം പ്രവര്‍ത്തനക്ഷമമായി; വീഡിയോ പങ്ക് വച്ച് ഐ.എസ്.ആർ ഒ

  1. Home
  2. National

ഇന്ത്യയുടെ ആദ്യ ബഹിരാകാശ റോബോട്ടിക് ആം പ്രവര്‍ത്തനക്ഷമമായി; വീഡിയോ പങ്ക് വച്ച് ഐ.എസ്.ആർ ഒ

isro


 


ബഹിരാകാശ റോബോട്ടിക്സ് രംഗത്ത് ചരിത്രമെഴുതി ഇന്ത്യ. 'സ്പേഡെക്‌സ്' ദൗത്യത്തിനൊപ്പം ഇന്ത്യ വിക്ഷേപിച്ച റോബോട്ടിക് ആം (യന്ത്രകൈ) പ്രവര്‍ത്തനക്ഷമമായി. ഇന്ത്യയുടെ ആദ്യത്തെ സ്പേസ് റോബോട്ടിക് ആം എന്ന വിശേഷണത്തോടെ യന്ത്രകൈയുടെ വീഡിയോ ഐഎസ്ആര്‍ഒ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചു. ബഹിരാകാശ മാലിന്യങ്ങളെ പിടികൂടാന്‍ വേണ്ടിയാണ് ഈ യന്ത്രകൈ ഇസ്രൊ വികസിപ്പിച്ചത്. 

ബഹിരാകാശത്ത് റോബോട്ടിക് സംവിധാനം വിന്യസിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന അജയ്യരുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തിയിരിക്കുകയാണ്. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്‌സിനൊപ്പം വിക്ഷേപിച്ച സ്പേസ് റോബോട്ടിക് ആം പ്രവര്‍ത്തനക്ഷമമായി. സ്പേഡെക്‌സ് ഇരട്ട ഉപഗ്രഹങ്ങളെയും വഹിച്ചുയര്‍ന്ന പിഎസ്എൽവി-സി 60 റോക്കറ്റിനൊപ്പമുണ്ടായിരുന്ന POEM-4ലാണ് ഈ റോബോട്ടിക് ആം ഘടിപ്പിച്ചിരുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇസ്രൊ തദ്ദേശീയമായി നിര്‍മിച്ചതാണ് ഈ യന്ത്രകൈ. ബഹിരാകാശ റോബോട്ടിക്സ് രംഗത്ത് ഇന്ത്യയുടെ പതാകവാഹക പരീക്ഷണമായി ഇത് മാറും. 


2024 ഡിസംബര്‍ 30നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്ന് ഐഎസ്ആര്‍ഒ സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിനായി രണ്ട് സ്പേഡെക്‌സ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. പിഎസ്എൽവി റോക്കറ്റിന്‍റെ നാലാം ഘട്ടത്തെ ബഹിരാകാശത്ത് നിലനിർത്തി ചെറു പരീക്ഷണങ്ങൾ നടത്താൻ അവസരം നൽകുന്ന പോയം പദ്ധതിയുടെ ഭാഗമായി ഇസ്രൊ അയച്ച 24 ചെറു പരീക്ഷണങ്ങളിലൊന്നാണ് ഈ യന്ത്രകൈ.