പത്താം ക്ലാസിൽ കണക്കിനും സയൻസ് വിഷയങ്ങൾക്കും പാസ് മാർക്ക് വേണ്ട; പുതിയ തീരുമാനവുമായി മഹാരാഷ്ട്ര

  1. Home
  2. National

പത്താം ക്ലാസിൽ കണക്കിനും സയൻസ് വിഷയങ്ങൾക്കും പാസ് മാർക്ക് വേണ്ട; പുതിയ തീരുമാനവുമായി മഹാരാഷ്ട്ര

school


 

പത്താം ക്ലാസിൽ കണക്കിനും സയൻസ് വിഷയങ്ങൾക്കും പാസ് മാർക്ക് കുറയ്ക്കാനുള്ള നീക്കവുമായി മഹാരാഷ്ട്ര. കണക്ക്, സയൻസ് വിഷയങ്ങളിൽ പാസ് മാർക്ക് 35ൽ നിന്ന് 20ലേക്ക് ആക്കാനാണ് നീക്കം. എസ്സിഇആർടിയാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ താൽപര്യമുള്ള വിദ്യാർത്ഥികളുടെ തുടർ പഠനം പത്താം ക്ലാസിൽ കണക്കും സയൻസും അടക്കമുള്ള വിഷയങ്ങളിൽ പരാജയപ്പെടുന്നതോടെ അവസാനിക്കുന്നുവെന്ന നിരീക്ഷണത്തിന് പിന്നാലെയാണ് ഇത്തരമൊരു നിർദ്ദേശം. 

ഇത്തരത്തിൽ കണക്കിനും സയൻസിലും പാസ് മാർക്ക് ലഭിക്കാതെ പാസായതാണെന്ന  വിവരം പത്താം ക്ലാസ് മാർക്ക് ലിസ്റ്റിൽ റിമാർക്കായി രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശം. തുടർ വിദ്യാഭ്യാസത്തിന് തടസമുണ്ടാകാതിരിക്കാൻ നിർദ്ദേശം സഹായകമാവുമെന്നാണ് സംസ്ഥാന കരിക്കുലം ഫ്രെയിം വർക്ക് സ്കൂൾ എഡ്യുക്കേഷനിൽ എസ്സിഇആർടി നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

നിർദ്ദേശത്തിന് വലിയ രീതിയിലുള്ള പ്രശംസയാണ് വിദ്യാഭ്യാസ വിദഗ്ധരിൽ നിന്ന് ലഭിച്ചിട്ടുള്ളത്. കണക്കും സയൻസ് വിഷയങ്ങളും വിദ്യാർത്ഥികളിൽ സമ്മർദ്ദം സൃഷ്ടിക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് നിർദ്ദേശത്തിന് അനുകൂലമായി ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും.