രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടായാല്‍ വലിയ തീരുമാനങ്ങളെടുക്കാന്‍ മടിക്കില്ല; സൈനികരുടെ ആയുധങ്ങളുടെ പൂജകളില്‍ പങ്കെടുത്ത് രാജ്‌നാഥ് സിങ്
രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടായാല്‍ വലിയ തീരുമാനങ്ങളെടുക്കാന്‍ മടിക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പശ്ചിമബംഗാളിലെ സുക്‌ന സൈനിക കേന്ദ്രത്തില്‍ മുന്‍നിര സൈനികര്‍ക്കൊപ്പം ദസറ ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവരാത്രി പൂജകളുടെ ഭാഗമായുള്ള ശസ്ത്രപൂജയില്‍ പ്രതിരോധമന്ത്രി സൈനികരുടെ ആയുധങ്ങളുടെ പൂജകളില്‍ പങ്കെടുത്തു.
ശസ്ത്രപൂജ ആയുധങ്ങള്‍ക്കുള്ള പൂജയാണ്. അവശ്യസമയത്ത് ഉപയോഗിക്കാനുള്ളവയാണ് ആയുധങ്ങള്‍. രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന ഘട്ടം വന്നാല്‍ ഈ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ നമ്മള്‍ മടിക്കില്ല. ആരെങ്കിലും നമ്മുടെ രാജ്യത്തെ അപമാനിക്കുകയോ, അതിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും കോട്ടം വരുത്തുകയോ ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഈ ആയുധങ്ങള്‍ പ്രയോഗിക്കാന്‍ നാം മടിക്കില്ല, രാജ്‌നാഥ് സിങ് പറഞ്ഞു.
സ്വന്തം കുടുംബത്തേയും ജീവനെയും മറന്ന് മറ്റുള്ളവരുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റെ മുന്‍നിര സൈനികര്‍ പ്രത്യേകം പ്രശംസയര്‍ഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. 75 ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനുവേണ്ടി (ബി.ആര്‍.ഓ.) 2236 കോടിയുടെ പദ്ധതിയും അദ്ദേഹം സമര്‍പ്പിച്ചു.