സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; സെലിബ്രിറ്റിയുടെ അവസ്ഥ ഇതെങ്കില്‍ ആരാണ് നഗരത്തില്‍ ആരാണ് സുരക്ഷിതർ, വിമർശനവുമായി പ്രതിപക്ഷം

മുംബൈയിലെ വീട്ടിൽ വച്ച് മോഷണശ്രമത്തിനിടെ പരിക്കേറ്റ നടൻ സെയ്ഫ് അലി ഖാൻ വിഷയം ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷ പാർട്ടികൾ. മുംബൈ നഗരത്തിലെ ക്രമസമാധാനത്തെ ചോദ്യം ചെയ്താണ് മിക്കവരും പ്രതികരണങ്ങൾ നടത്തുന്നത്.
മുംബൈയിൽ സെലിബ്രിറ്റികൾ വരെ സുരക്ഷിതരല്ലെങ്കിൽ പിന്നെ ആരാണ് സുരക്ഷിതരെന്ന് ശിവസേനയുടെ (യുബിടി) രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി ചോദിച്ചു. എക്സിലൂടെയാണ് പ്രിയങ്കയുടെ പ്രതികരണം. മുതിർന്ന രാഷ്ട്രീയ നേതാവ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ ആക്രമണവും നടൻ സൽമാൻ ഖാൻ്റെ വീടിന് പുറത്ത് നടന്ന വെടിവെപ്പും ഉൾപ്പെടെ പ്രിയങ്ക ഉന്നയിച്ചു. സെയ്ഫ് അലി ഖാനെപ്പോലുള്ള ഉന്നതരായ വ്യക്തികളെ അവരുടെ വീടുകളിൽ ആക്രമിക്കാൻ കഴിയുമെങ്കിൽ, സാധാരണ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുമെന്ന് എൻസിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോയും എക്സിലൂടെ പറഞ്ഞു.
ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3 പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മുംബൈ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ വെച്ച് സെയ്ഫ് അലി ഖാന് മോഷ്ടാവിൽ നിന്നും കുത്തേറ്റത്. കവർച്ചക്കെത്തിയ മോഷ്ടാവാണ് കുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ കവർച്ചയ്ക്കെന്ന വ്യാജേനെയെത്തി ആക്രമിച്ചതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ നടൻ മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.