തമിഴ്‌നാട് ബിജെപിയെ പ്രതിസന്ധിയിലാക്കി സൂര്യശിവയുടെ അശ്ലീലച്ചുവയുള്ള സംസാരം; പിന്നാലെ സസ്പെൻഷൻ

  1. Home
  2. National

തമിഴ്‌നാട് ബിജെപിയെ പ്രതിസന്ധിയിലാക്കി സൂര്യശിവയുടെ അശ്ലീലച്ചുവയുള്ള സംസാരം; പിന്നാലെ സസ്പെൻഷൻ

SIVA SURYA


തമിഴ്നാട് ബിജെപിയെ പ്രതിസന്ധിയിലാക്കി തിരുച്ചി സൂര്യശിവയുടെ അശ്ലീലച്ചുവയുള്ള സംസാരം. ഏതാനും മാസം മുൻപ് ഡിഎംകെ നേതൃത്വത്തെ ഞെട്ടിച്ച് ബിജെപി അംഗത്വം സ്വീകരിച്ച സൂര്യശിവ ഡിഎംകെ എംപി തിരുച്ചി ശിവയുടെ മകനാണ്. ബിജെപി വനിതാ നേതാവായ ഡെയ്‌സി ശരണിനോട് അശ്ലീലച്ചുവയോടെ സംസാരിച്ചതിന്റെ പേരിൽ തിരുച്ചി സൂര്യശിവയെ പാർട്ടി ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഡെയ്സി ആക്രമിക്കാൻ ഗുണ്ടകളെ വിടുമെന്നും അവയവങ്ങൾ ഛേദിക്കുമെന്നും സൂര്യ പറയുന്നതിന്റെ ഓഡിയോ ഇപ്പോൾ തമിഴ്നാട്ടിൽ വൈറലാണ്. ഡെയ്സിയോട്  അശ്ലീലച്ചുവയോടെയും സൂര്യ സംസാരിക്കുന്നുണ്ട്. വ്യാഴാഴ്ച ഇരുനേതാക്കളും അച്ചടക്ക സമിതിക്കു മുന്നിലെത്തി വിശദീകരണം നൽകിയിരുന്നു. തുടർന്നാണ് സൂര്യയെ സസ്പെൻഡ് ചെയ്തത്. 

പെരുമാറ്റച്ചട്ട ലംഘനങ്ങൾക്ക് മുഖം നോക്കാതെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ പറഞ്ഞു. ബിജെപി ന്യൂനപക്ഷ വിഭാഗം നേതാവ് തിരുച്ചി സൂര്യശിവയ്ക്കെതിരായ നടപടി സംബന്ധിച്ചാണു പ്രതികരണം. സൂര്യ ശിവയും ഡെയ്‌സി ശരണും ഉൾപ്പെടെ പാർട്ടി പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. അച്ചടക്കത്തിന്റെ കാര്യത്തിൽ പാർട്ടിയുടെ ലക്ഷ്മണ രേഖ കടക്കാൻ അനുവദിക്കില്ല. ഇതൊരു തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

ഉന്നത നേതൃത്വത്തിന്റെ രേഖാമൂലമുള്ള സമ്മതമില്ലാതെ നേതാക്കൾ യുട്യൂബ് ചാനലുകളുടെ അഭിമുഖത്തിൽ പങ്കെടുക്കരുതെന്നു പാർട്ടി സർക്കുലർ ഇറക്കി. ബിജെപി തമിഴ് വികസന വിഭാഗം നേതാവായിരുന്ന നടി ഗായത്രി രഘുറാമിനെയും പാർട്ടി വിരുദ്ധ നടപടികളുടെ പേരിൽ സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയും ഗായത്രിയും തമ്മിലുള്ള പ്രശ്നങ്ങളാണ് നടപടിക്ക് കാരണമെന്നും സൂചനയുണ്ട്. നേരത്തേ കലാവിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഗായത്രിയെ ഈ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.