പ്രവർത്തനങ്ങൾ ഇല്ല; സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് ആന്ധ്ര സർക്കാർ

സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് ആന്ധ്ര സർക്കാർ. പ്രവർത്തനങ്ങൾ ഇല്ലാതെ വഖഫ് ബോർഡ് നോക്കുകുത്തിയാകുന്നെന്ന് കാണിച്ചാണ് ചന്ദ്രബാബു നായിഡു സർക്കാരിന്‍റെ പുതിയ ഉത്തരവ്. നിലവിലെ ബോർഡ് മെമ്പർമാരുടെ നിയമനം അസാധുവാക്കി. പുതിയ വഖഫ് ബോർഡ് അംഗങ്ങളെ ഉടൻ നിയോഗിക്കുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവ് പ്രകാരം ആന്ധ്രയിലെ വഖഫ് ബോർഡിലെ നിയമനങ്ങൾ തടഞ്ഞിരിക്കുകയാണ്. നിലവിൽ എസ് കെ ഖ്വാജ എന്നയാളുടെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ജഗൻ മോഹൻ സർക്കാർ നിയമിച്ച വഖഫ് ബോർഡ് അംഗങ്ങൾക്ക് ഇതിനുള്ള യോഗ്യത ഇല്ലെന്ന് കാട്ടി ആന്ധ്ര ഹൈക്കോടതിയിൽ ഹർജികൾ നിലവിലുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിവാദ നിയമനങ്ങൾ ചന്ദ്രബാബു നായിഡു സർക്കാർ റദ്ദാക്കിയത്.
നിലവിൽ വിവാദ നിയമനങ്ങളിൽ തീരുമാനമാകുന്നത് വരെ വഖഫ് ബോർഡിന്‍റെ പ്രവർത്തനം നിർത്തി വയ്ക്കാൻ കോടതി ഉത്തരവിട്ടിരുന്നു. വഖഫ് ബോർഡ് രൂപീകരിച്ച് കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പിൻവലിച്ച് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ശനിയാഴ്ച (നവംബർ 30) പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ അന്നത്തെ സർക്കാർ 11 അംഗ വഖഫ് ബോർഡ് രൂപീകരിച്ചിരുന്നത്.