'അവര്‍ എന്നെ തകര്‍ക്കാന്‍ ശ്രമിച്ചു, ഫ്‌ളാറ്റ് കൊണ്ടുപോയി, 10 ലക്ഷം രൂപയും, മകന്റെ ഫീസ് അടയ്ക്കുന്നതിന് യാചിക്കേണ്ടി വന്നു'; മനീഷ് സിസോദിയ
മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായതിന് ശേഷം തന്നെ അരവിന്ദ് കെജിരിവാളിനെതിരെ തിരിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെന്ന് ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന ‘ജനതാ കി അദാലത്ത്’ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു സിസോദിയ തന്റെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞത്.
അവര്‍ എന്നെ തകര്‍ക്കാന്‍ ശ്രമിച്ചു. കെജ്‌രിവാളാണ് കുടുക്കിയത് എന്നാണെന്നോട് പറഞ്ഞത്. അരവിന്ദ് കെജ്‌രിവാളാണ് മനീഷ് സിസോദിയയുടെ പേര് പറഞ്ഞതെന്ന് അവര്‍ കോടതിയില്‍ പറഞ്ഞു. കെജ്‌രിവാളിന്റെ പേര് പറഞ്ഞാല്‍ നിങ്ങള്‍ക്ക് രക്ഷപ്പെടാം എന്ന് പറഞ്ഞു – സിസോദിയ വ്യക്തമാക്കി. ബിജെപിയിലേക്ക് മാറാന്‍ തനിക്ക് ഓഫറുകള്‍ ലഭിച്ചിരുന്നുവെന്നും മനീഷ് സിസോദിയ പറഞ്ഞു. സ്വയം തന്നെ കുറിച്ചും, കുടുംബത്തെ കുറിച്ചും ഭാര്യയെ കുറിച്ചും കോളേജില്‍ പഠിക്കുന്ന മകനെ കുറിച്ചും ചിന്തിക്കാന്‍ ഉപദേശിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ലക്ഷ്മണനെ രാമനില്‍ നിന്ന് പിരിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെന്ന് അവരോട് മറുപടി പറഞ്ഞതായും ലോകത്തില്‍ ഒരു രാവണനും അതിനുള്ള ശക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 26 വര്‍ഷമായി അരവിന്ദ് കെജ്രിവാള്‍ തന്റെ സഹോദരനും രാഷ്ട്രീയത്തിലെ മാര്‍ഗദര്‍ശിയുമാണെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു.
താന്‍ നേരിട്ടിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 2022ല്‍ മാധ്യമ പ്രവര്‍ത്തകനായിരിക്കെ അഞ്ച് ലക്ഷം രൂപ വരുന്ന ഒരു ഫ്‌ളാറ്റ് വാങ്ങിയിരുന്നു. അത് കൊണ്ടുപോയി. 10 ലക്ഷം രൂപ അക്കൗണ്ടിലുണ്ടായിരുന്നു. അതും പോയി. മകന്റെ ഫീസ് അടയ്ക്കുന്നതിന് സഹായിക്കാന്‍ എനിക്ക് യാചിക്കേണ്ടതായി വന്നു – ആം ആദ്മി നേതാവ് പറഞ്ഞു. മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായി ഒന്നര വര്‍ഷം ജയിലില്‍ കിടന്ന ശേഷം കഴിഞ്ഞ മാസമാണ് സിസോദിയയ്ക്ക് ജാമ്യം കിട്ടത്.