കാറിൽ അഞ്ച് ലക്ഷം രൂപ കടത്താൻ ശ്രമിച്ചു; ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ പേഴ്സണൽ അസിസ്റ്റന്റ് അറസ്റ്റിൽ

ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനയുടെ ഓഫീസിലെ ജീവനക്കാരായ രണ്ടു പേരെ 5 ലക്ഷം രൂപയുമായി കസ്റ്റഡിയിലെടുത്തെന്ന് ഡൽഹി
പൊലീസ്. പുലർച്ചയോടെയാണ് സംഭവം. വിഷയത്തിൽ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. ന്യൂ ദില്ലി അടക്കമുള്ള ചില മേഖലകളിൽ ചില ആളുകൾ പണം വിതരണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് ഒരു പരിശോധനയിലേക്ക് കടന്നതെന്ന് ദില്ലി പൊലീസ് അറിയിച്ചു. ആ സമയത്താണ് രണ്ട് പേർ പണവുമായി എത്തിയെന്ന കാര്യം മനസിലായത്. ഇവരുടെ കാർ പരിശോധിച്ചപ്പോഴാണ് 5 ലക്ഷം രൂപ പിടിച്ചെടുത്തതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ നാട്ടുകാരാണ് ഇവരെ തടഞ്ഞു വച്ചതെന്നും പൊലീസെത്തി മറ്റു നടപടികൾ സ്വീകരിക്കകയുമായിരുന്നു.
ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ പേഴ്സണൽ അസിസ്റ്റന്റ് ആയ ഗൗരവ്, ഡ്രൈവർ അജിത് എന്നീ രണ്ട് പേരാണ് പിടിയിലായിരിക്കുന്നത്. പല സ്ഥലത്തും പണം വിതരണം നടത്തിയെന്നും വോട്ട് അട്ടിമറിക്കാൻ ശ്രമം നടത്തുന്നുണ്ടെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിൽ വ്യാപക പരിശോധനയാണ് നടത്തി വരുന്നത്. അതേ സമയം വിഷയവുമായി ബന്ധപ്പെട്ട് ഇത് വരെ പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല.
ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിൽ ഡൽഹി ജനത പോളിങ്ങ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 13766 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ 3000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടർമാരാണ് ഡൽഹിയിലുള്ളത്