ഭാരത് ജോഡോ യാത്ര സിപിഎം വിരുദ്ധമല്ല, ഗുജറാത്തിലൂടെ യാത്ര ഇല്ല എന്ന ആലോചിച്ചു തീരുമാനിച്ച കാര്യം: കെ.സി വേണുഗോപാൽ

  1. Home
  2. Politics

ഭാരത് ജോഡോ യാത്ര സിപിഎം വിരുദ്ധമല്ല, ഗുജറാത്തിലൂടെ യാത്ര ഇല്ല എന്ന ആലോചിച്ചു തീരുമാനിച്ച കാര്യം: കെ.സി വേണുഗോപാൽ

kc


ഭാരത് ജോഡോ യാത്രയ്ക്ക് സംഘാടകരെ അതിശയിപ്പിക്കുന്ന പ്രതികരണമാണ് കേരളത്തിൽ നിന്നു ലഭിച്ചതെന്ന് കെ.സി വേണുഗോപാൽ.പാർട്ടിയുടെ സംഘടനാ സംവിധാനങ്ങളുടെ ദൗർബല്യങ്ങളെ പോലും അപ്രസക്തമാക്കുന്ന പങ്കാളിത്തമാണ് ഓരോ പ്രദേശത്തും ഉള്ളതെന്ന്  'ക്രോസ് ഫയറിൽ' സുജിത് നായരോട് സംസാരിക്കുവേ വേണുഗോപാൽ പറഞ്ഞു.

'മനസ്സിനകത്തു നിന്ന് ഒരു സന്തോഷം വരുന്നു' എന്നാണ് ഭാരത് ജോഡോ യാത്രയിലെ ജനങ്ങളുടെ പ്രതികരണത്തെ കുറിച്ച് രാഹിൽ പറഞ്ഞതെന്ന് വേണുഗോപാൽ വ്യക്തമാക്കി. 'ജനങ്ങളുടെ സ്‌നേഹം ആ വികാരമാണ് അദ്ദേഹത്തിൽ ജനിപ്പിക്കുന്നത്. യാത്ര തുടങ്ങിയ സമയത്ത് മുട്ടുവേദന അദ്ദേഹത്തെ അലട്ടിയിരുന്നു. എന്താകും എന്നെല്ലാം ഉള്ള ഒരുശങ്ക പങ്കുവച്ചിരുന്നു,  കൂടുമോ എന്ന  ഒരു വിഷമം തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ മുട്ടുവേദന അദ്ദേഹം മറന്ന മട്ടാണ്. അതെക്കുറിച്ച് പറയുന്നതേയില്ല. കാൽനടയാത്ര ഉണ്ടാക്കുന്ന പ്രയാസമെല്ലാം ജനങ്ങളുടെ സ്‌നേഹത്തിൽ മുങ്ങിപ്പോകുന്നതായ തോന്നലാണ് അദ്ദേഹത്തിന്റെ സംസാരം ജനിപ്പിക്കുന്നതെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

'ഭാരത് ജോഡോ യാത്ര കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെയുള്ള യാത്ര അല്ല. ബിജെപിക്കും അവരുടെ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കും എതിരേ സംഘടിപ്പിക്കുന്നതാണ്. സംഘപരിവാറിന് എതിരേ  ജനങ്ങളെ ഒന്നിപ്പിക്കാനുള്ള യാത്രയാണ് ഇത്. സിപിഎമ്മിനെ അതിനിടയിൽ ആക്രമിക്കേണ്ട കാര്യമില്ല. രാഹുൽഗാന്ധിക്ക് അതിൽ ഒട്ടും  താൽപര്യവും ഇല്ല. ദേശീയ തലത്തിൽ പ്രതിപക്ഷ ചേരിയുടെ ഭാഗമായ ഇടതുപക്ഷത്തിനെതിരേ ഒന്നും പറയേണ്ടതില്ലെന്ന നിശ്ചയദാർഢ്യം തന്നെ അദ്ദേഹത്തിന് ഉണ്ട്. പിന്നെ, വഴിയോരങ്ങളിൽ തന്നെ സ്വീകരിക്കാൻ കമ്മ്യൂണിസ്റ്റുകാരും കാത്തു നിൽക്കുന്നത് അദ്ദേഹം മനസ്സിലാക്കുന്നുണ്ടെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. എന്നാൽ ഭാരത് ജോഡോ യാത്രായിൽ സിപിഎം പൂർണമായും ചിന്താക്കുഴപ്പത്തിലാണ.് അവരുടെ അണികൾക്കിടയിൽ ജാഥയ്ക്കു കിട്ടുന്ന സ്വീകാര്യതയോടുള്ള ആധിയാണ് മാറിയും മറിഞ്ഞും ഉള്ള പ്രതികരണത്തിൽ നിന്നു വ്യക്തമാകുന്നതെന്ന് കെ.സി പറഞ്ഞു.

'അതേസമയം നരേന്ദ്ര മോദിയുടെ സ്വന്തം ഗുജറാത്തിലൂടെ യാത്ര ഇല്ല എന്ന ആലോചിച്ചു തീരുമാനിച്ച കാര്യമാണ്. ഗുജറാത്ത് ഈ ഡിസംബറിൽ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഇപ്പോഴത്തെ നിലയിൽ യാത്ര ഗുജറാത്തിലൂടെ കടന്നു പോകുന്നുണ്ടെങ്കിൽ അത് നവംബറിലായിരിക്കും. ജാഥ നടത്താൻ പാർട്ടി പോയാൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ എന്താകും. സ്ഥാനാർഥികൾ അവരുടെ മണ്ഡലങ്ങളിൽ ഉണ്ടാവേണ്ട സമയമല്ലേ അത്. രണ്ടും കൂടി പ്രായോഗികമല്ല എന്നതു കൊണ്ടാണ് ഗുജറാത്ത് ഒഴിവാക്കിയത്. ജാഥയുടെ പ്രയോജനം പക്ഷേ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് ലഭിക്കും' - കെസി വേയമുഗോപാൽ കൂട്ടിച്ചേർത്തു. 

രാഹുൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരുമോ എന്ന ചോദിച്ചപ്പോൾ ഇന്ത്യയിലെ കോൺഗ്രസുകാരിൽ മഹാഭൂരിപക്ഷവും ആഗ്രഹിക്കുന്നത് രാഹുൽഗാന്ധി വീണ്ടും പ്രസിഡന്റ് ആകണമെന്നാണ്. പക്ഷേ യാത്രയുടെ ആവേശത്തിന്റെ പേരിൽ അതു ചെയ്യുമോ എന്നൊന്നും ഞങ്ങൾക്ക്  അറിയില്ല. അദ്ദേഹത്തിന്റെ തീരുമാനം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്തായാലും ഇനി പത്തു ദിവസത്തെ കാര്യമേ ഉള്ളൂ. 24 മുതൽ 28 വരെയാണ് നോമിനേഷൻ കൊടുക്കാവുന്നത്. അതോടെ ചിത്രം വ്യക്തമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം രാഹുലിന്റെ തിരിച്ചുവരവിന് സൂചനകളൊന്നും അദ്ദേഹം ഇതുവരെ  നൽകിയിട്ടില്ല.
അശോക് ഗെഹ്ലോട്ട്  ആയിരിക്കുമോ പ്രസിഡന്റ് സ്ഥാനാർഥി എന്ന ചോദ്യത്തിന് അതൊന്നും പറയാറായിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശശി തരൂർ മത്സര സന്നദ്ധനാണെന്ന സൂചനകൾക്ക് ഇക്കാര്യങ്ങളൊന്നും ചർച്ച ചെയ്തില്ലെന്നാണ് വേണുഗോപാൽ പറഞ്ഞത്. അദ്ദേഹത്തിന് മത്സരിക്കണം എന്നുണ്ടെങ്കിൽ അതു ചെയ്യട്ടെ. ആർക്കും മത്സരിക്കാവുന്ന ഒരു പ്ലാറ്റ് ഫോം ഉണ്ടാക്കിയിട്ടുണ്ട്. മത്സരത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾ ജയിച്ചാൽ വേറെ തർക്കം ഇല്ലല്ലോ. അതു വഴി ആരു കോൺഗ്രസ് പ്രസിഡന്റ് ആയാലും അവരുടെ പിന്നിൽ എല്ലാവരും അണിനിരക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.