കോൺഗ്രസിന് കനത്ത തിരിച്ചടി; മധ്യപ്രദേശിൽ മീനാക്ഷി നടരാജിന്റെ രാജ്യസഭാ പത്രിക തള്ളി

  1. Home
  2. Politics

കോൺഗ്രസിന് കനത്ത തിരിച്ചടി; മധ്യപ്രദേശിൽ മീനാക്ഷി നടരാജിന്റെ രാജ്യസഭാ പത്രിക തള്ളി

meenakshi nadarajan


രാജ്യസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത രാഷ്ട്രീയ തിരിച്ചടി. കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജിന്റെ നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവെച്ചതായി കാണിച്ച് ബിജെപി നൽകിയ പരാതിയിന്മേൽ നടന്ന പരിശോധനകൾക്കൊടുവിലാണ് പത്രിക തള്ളാൻ അധികൃതർ തീരുമാനിച്ചത്. ഇതോടെ ബിജെപി സ്ഥാനാർത്ഥി മഹേഷ് കേവതിനെ എതിരില്ലാതെ തിരഞ്ഞെടുത്തു.

കർണാടക സ്വദേശിയായ മീനാക്ഷി നടരാജൻ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. ഇവരെ മധ്യപ്രദേശിൽ നിന്നാണ് കോൺഗ്രസ് രാജ്യസഭയിലേക്ക് മത്സരരംഗത്തിറക്കിയിരുന്നത്. എന്നാൽ, മീനാക്ഷി നടരാജിനെതിരെ യാതൊരുവിധ ക്രിമിനൽ കേസുകളും നിലവിലില്ലെന്ന് കാണിച്ച് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ വിവേക് തൻഖ ബിജെപി ആരോപണങ്ങളെ പ്രതിരോധിച്ചിരുന്നു.

പത്ത് കോടി രൂപയുടെ നഷ്ടപരിഹാര നടപടികളുമായി ബന്ധപ്പെട്ട് മീനാക്ഷിക്ക് നോട്ടീസ് മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും ഇതിന് അഭിഭാഷകൻ കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തിൽ യാതൊരു തരത്തിലുള്ള എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോൺഗ്രസ് വാദിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക തള്ളുകയായിരുന്നു. പത്രിക തള്ളിയ നടപടി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ക്യാമ്പിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.