എഐ ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങൾ വർധിക്കുന്നു; മുന്നറിയിപ്പുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

  1. Home
  2. Social Media

എഐ ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങൾ വർധിക്കുന്നു; മുന്നറിയിപ്പുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

cyber security


പരമ്പരാഗത വ്യാജ ഇമെയിലുകൾക്കും ഫിഷിംഗ് (Phishing) ആക്രമണങ്ങൾക്കും അപ്പുറം, വലിയ രീതിയിലുള്ള സൈബർ തട്ടിപ്പുകൾക്കായി ഹാക്കർമാർ നിർമ്മിതബുദ്ധി (AI) വ്യാപകമായി ഉപയോഗിക്കുന്നതായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി വ്യക്തമാക്കുന്നു. അബുദാബിയിൽ നടന്ന മൂന്നാമത് ഗവൺമെന്റ് സൈബർ സെക്യൂരിറ്റി ഉച്ചകോടിയിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്.

വെറും ഇമെയിൽ തട്ടിപ്പുകൾക്ക് മാത്രമല്ല, ഡാറ്റ ചോർത്തൽ (Data exfiltration), ഡാറ്റ പൂർണ്ണമായി നശിപ്പിക്കൽ (Data wiping) തുടങ്ങിയ അതീവ സങ്കീർണ്ണമായ സൈബർ ഓപ്പറേഷനുകൾക്കായി ഇപ്പോൾ എഐ ഉപയോഗിക്കപ്പെടുന്നുണ്ട്. സൈബർ ഭീകരവാദത്തിനും സൈബർ യുദ്ധങ്ങൾക്കുമായി എഐ ഉപയോഗിച്ച് പരമ്പരാഗത സുരക്ഷാ സംവിധാനങ്ങളെ ഹാക്കർമാർ അട്ടിമറിക്കുകയാണ്. മുൻപ് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ മാത്രം ലക്ഷ്യമിട്ടിരുന്ന സൈബർ ക്രിമിനലുകൾ ഇപ്പോൾ സർക്കാർ സ്ഥാപനങ്ങൾ, വലിയ ബിസിനസ്സുകൾ, സപ്ലൈ ചെയിനുകൾ, സാധാരണ വ്യക്തികൾ എന്നിവരെയും ഒരേപോലെ ലക്ഷ്യമിടുന്നുണ്ട്. എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ വീഡിയോകളും ചിത്രങ്ങളും (Deepfakes) തെറ്റായ പ്രചാരണങ്ങളും വഴി സമൂഹത്തിൽ ഭീതിയും ആശയക്കുഴപ്പവും സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇത്തരം അത്യാധുനിക സൈബർ ഭീഷണികളെ ശക്തമായി ചെറുക്കാൻ സർക്കാരും സ്വകാര്യ മേഖലയും സാങ്കേതിക വിദ്യ ദാതാക്കളും ഒന്നിച്ച് പ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി ഓരോ രാജ്യവും തുടക്കം മുതൽ തന്നെ സ്വന്തമായി സുരക്ഷിതമായ 'സോവറിൻ എഐ' (Sovereign AI) സംവിധാനങ്ങൾ കെട്ടിപ്പടുക്കേണ്ടതുണ്ടെന്ന് ഹെൽപ് എജി (Help AG) ആക്ടിങ് സിഇഒ ഡോ. അലക്സാണ്ടർ വൽജാരെവിക് ചടങ്ങിൽ കൂട്ടിച്ചേർത്തു.