ഗില്ലിൻറെ പ്രകടനത്തെ വാഴ്ത്തി സൗരവ് ഗാംഗുലി

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ശുഭ്മാൻ ഗിൽ നേടിയ ഇരട്ടസെഞ്ചുറിയെ വാഴ്ത്തി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഇംഗ്ലണ്ടിൽ താൻ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്‌സായിരുന്നു ഗില്ലിൻറേതെന്ന് ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 387 പന്തിൽ 269 റൺസെടുത്താണ് ഗിൽ പുറത്തായത്. 30 ബൗണ്ടറികളും മൂന്ന് സിക്‌സുകളും അടങ്ങുന്നതായിരുന്നു ഗില്ലിൻറെ ഇന്നിംഗ്‌സ്. ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടവും ഇന്ത്യൻ ക്യാപ്റ്റൻറെ ടെസ്റ്റിലെ ഏറ്റവും മികച്ച സ്‌കോറെന്ന നേട്ടവും ഇന്നലെ ഗിൽ സ്വന്തമാക്കിയിരുന്നു.
മാസ്റ്റർ ക്ലാസ് എന്ന് മാത്രമെ ഗില്ലിൻറെ പ്രകടനത്തെ വിശേഷിപ്പിക്കാനാവു എന്ന് ഗാംഗുലി പറഞ്ഞു. ഒഴുക്കോടെയുള്ള ഇന്നിംഗ്‌സായിരുന്നു ഗിൽ കാഴ്ചവെച്ചത്. ഏത് കാലഘട്ടമെടുത്താലും ഇംഗ്ലണ്ടിൽ ഞാൻ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്‌സുകളിലൊന്നാണ് ഗില്ലിൻറേത്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ഗില്ലിൻറെ പ്രകടനം വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറായി ഇറങ്ങിയിട്ടുണ്ടെങ്കിലും അത് അവൻറെ സ്ഥാനമല്ല. ഈ ടെസ്റ്റിൽ ഇന്ത്യ ജയിക്കണമെന്നും ഗാംഗുലി എക്‌സ് പോസ്റ്റിൽ പറഞ്ഞു.
ചില പ്രകടനങ്ങൾ ഏറെ സ്‌പെഷ്യലാണ്. അതുപോലെ ചരിത്രമാണ് ഗിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 269 റൺസും. ഒരു ഇന്ത്യൻ താരത്തിൻറെ ഇംഗ്ലണ്ടിലെ ഏറ്റവും ഉയർന്ന സ്‌കോർ. അടിച്ചുതകർക്കൂ ക്യാപ്റ്റൻ എന്നായിരുന്നു ഇന്ത്യൻ പേസറായ മുഹമ്മദ് ഷമി എക്‌സിൽ കുറിച്ചത്. ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, ഗില്ലിൻറെ മെൻറർ കൂടിയായ മുൻ താരം യുവരാജ് സിംഗ് എന്നിവരെല്ലാം ഇന്ത്യൻ ക്യാപ്റ്റൻറെ പ്രകടനത്തെ വാഴ്ത്തി.