ജയത്തിന്റെ വക്കിൽ നിന്ന് ശ്രീലങ്കയെ പിടിച്ചുകെട്ടി ഇന്ത്യ എ; 4 പന്തിൽ 3 വിക്കറ്റ്, നാടകീയ ജയം
ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എയ്ക്ക് നാടകീയ ജയം. ഒരു ഘട്ടത്തിൽ തോൽവിയുടെ വക്കിലായിരുന്ന ഇന്ത്യ, അവസാന ഓവറുകളിലെ തകർപ്പൻ ബൗളിങ് പ്രകടനത്തിലൂടെയാണ് എട്ട് റൺസിന്റെ ആവേശ ജയം സ്വന്തമാക്കിയത്. അർഷാദ് ഖാൻ എറിഞ്ഞ 49-ാം ഓവറിലെ നാല് പന്തുകൾക്കിടെ ലങ്കയുടെ അവസാന മൂന്ന് വിക്കറ്റുകളും പിഴുതാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 277 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക എ 48.5 ഓവറിൽ 269 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
47 ഓവറിൽ ആറ് വിക്കറ്റിന് 261 റൺസെന്ന നിലയിൽ ലങ്ക ജയത്തിലേക്ക് നീങ്ങവെയാണ് മത്സരം തിരിഞ്ഞത്. അർധ സെഞ്ചുറിയോടെ ലങ്കയെ നയിച്ച ക്യാപ്റ്റൻ സഹൻ അരാച്ചിഗെയെ (74) 48-ാം ഓവറിൽ അൻഷുൽ കാംബോജ് ബൗൾഡാക്കിയതോടെ ഇന്ത്യയ്ക്ക് ജീവൻവെച്ചു. തൊട്ടടുത്ത ഓവറിൽ അർഷാദ് ഖാൻ വിയാസ്‌കാന്തിനെ എൽബിഡബ്ല്യുവിൽ കുടുക്കി. തൊട്ടടുത്ത പന്തിൽ വാനുജ സഹാൻ റണ്ണൗട്ടാവുകയും, അഞ്ചാം പന്തിൽ മുഹമ്മദ് ഷിറാസിനെ വിപ്രജ് നിഗം ക്യാച്ചിലൂടെ പുറത്താക്കുകയും ചെയ്തതോടെ ലങ്കൻ ഇന്നിങ്‌സിന് നാടകീയ അന്ത്യമായി. ലങ്കയ്ക്കായി ഓപ്പണർമാരായ നിരോഷൻ ഡിക്‌വെല്ല (47), അവിഷ്‌ക ഫെരാൻഡോ (45), സദീര സമരവിക്രമ എന്നിവരും മികച്ച പ്രകടനം നടത്തിയിരുന്നു. ഇന്ത്യയ്ക്കായി അർഷാദ് ഖാൻ, അനുകുൽ റോയ്, ആയുഷ് ബധോനി, വിപ്രജ് നിഗം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്ക് ഓപ്പണർ ഋതുരാജ് ഗെയ്കവാദിന്റെ (101) തകർപ്പൻ സെഞ്ചുറിയും ക്യാപ്റ്റൻ തിലക് വർമയുടെ (60) അർധസെഞ്ചുറിയുമാണ് മാന്യമായ സ്കോർ സമ്മാനിച്ചത്. വൈഭവ് സൂര്യവംശി (14), പ്രിയാൻഷ് ആര്യ (32), ആയുഷ് ബധോനി (24), സൂര്യാൻഷ് ഷെഡ്‌ഗെ (26) എന്നിവരും ബാറ്റിങ്ങിൽ സംഭാവനകൾ നൽകി.
