ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്: പരമ്പര സ്വന്തമാക്കാൻ പോരാട്ടം
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്ന് ഉച്ചയ്ക്ക് 1.30-ന് വിശാഖപട്ടണത്ത് ആരംഭിക്കും. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും വിജയിച്ചതോടെ പരമ്പര ഇപ്പോൾ 1-1 എന്ന നിലയിൽ സമനിലയിലാണ്. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീമിന് ഏകദിന പരമ്പര സ്വന്തമാക്കാം.
പരമ്പരയിൽ തുടർച്ചയായ രണ്ട് സെഞ്ച്വറികൾ നേടി മിന്നും ഫോമിലുള്ള സൂപ്പർ താരം വിരാട് കോഹ്ലിയിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ക്യാപ്റ്റൻ കെ.എൽ. രാഹുലും രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് അർധസെഞ്ചുറി സ്വന്തമാക്കിയിരുന്നു. രോഹിത് ശർമ വലിയ ഇന്നിങ്‌സുകൾ കളിച്ചിട്ടില്ലെങ്കിലും അതിവേഗം സ്കോർ ചലിപ്പിക്കുന്നുണ്ട്. എന്നാൽ വലിയ സ്‌കോറുകൾ പോലും പ്രതിരോധിക്കാൻ ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് കഴിയുന്നില്ല എന്നതാണ് ടീമിനുള്ള പ്രധാന ആശങ്ക.
മറുവശത്ത്, ഏയ്ഡൻ മാർക്രമിന്റെയും മാത്യു ബ്രീറ്റ്‌സ്കീയുടെയും മികച്ച പ്രകടനങ്ങളിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾ. കഴിഞ്ഞ മത്സരത്തിൽ മാർക്രം സെഞ്ച്വറി നേടിയിരുന്നു. പരമ്പരയിലെ റൺവേട്ടയിൽ രണ്ടാമതുള്ള മാത്യു ബ്രീറ്റ്‌സ്കി ആകട്ടെ, കളിച്ച 11 ഏകദിനങ്ങളിൽ ഏഴ് അർധസെഞ്ചുറികളടക്കം 68.2 ശരാശരിയിൽ 682 റൺസടിച്ച് മിന്നും ഫോമിലാണ്. രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത കോർബിൻ ബോഷിന്റെ ഓൾറൗണ്ട് മികവിലും ദക്ഷിണാഫ്രിക്ക പ്രതീക്ഷ വെക്കുന്നുണ്ട്. കൂടാതെ, മാർക്കോ യാൻസന്റെ ബൗൺസറുകൾ നേരിടുക എന്ന വെല്ലുവിളിയും ഇന്ത്യയ്ക്കുണ്ട്.
