ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ടീം ഉടന്‍

  1. Home
  2. Sports

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ടീം ഉടന്‍

sanju


ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയില്‍ രോഹിത് ശര്‍മയും വിരാട് കോലിയും കളിച്ചേക്കില്ല. മൂന്ന് മത്സരങ്ങളാണ് ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കുക. നേരത്തെ, ഇരുവരേയും ടീമില്‍ ഉള്‍പ്പെടുത്തുമെന്നുള്ള തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. നവംബര്‍ 13, 16, 19 തീയതികളില്‍ രാജ്‌കോട്ടിലാണ് മത്സരം. എല്ലാ പകല്‍ - രാത്രി മത്സരങ്ങളാണ്. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത ഏറെയാണ്. നിലവില്‍ ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പര കളിക്കുന്ന സഞ്ജു വൈകാതെ ഇന്ത്യയില്‍ തിരിച്ചെത്തും. ടീമിനെ നയിക്കാന്‍ സഞ്ജുവിനെ നിയോഗിച്ചാല്‍ പോലും അത്ഭുതപ്പെടാനില്ല.

ബിസിസിഐ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇന്ത്യ എ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയെ എല്ലാ ഫോര്‍മാറ്റുകളിലും നയിച്ച രോഹിതും കോലിയും അടുത്തിടെ ഓസ്ട്രേലിയയില്‍ മൂന്ന് ഏകദിനങ്ങള്‍ കളിച്ചു. ഇരുവരും ഫോമിലാണെന്ന് തെളിയിച്ചിരുന്നു. രോഹിത് പരമ്പരയിലെ താരമായിരുന്നു. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയതിന് ശേഷം രോഹിത് ഫോമിലേക്ക് തിരിച്ചെത്തി. രണ്ടാം മത്സരത്തില്‍ 73 റണ്‍സെടുത്ത രോഹിത്, അവരസാന ഏകദിനത്തില്‍ പുറത്താകാതെ 121 റണ്‍സ് നേടി. അതേസമയം ആദ്യ രണ്ടില്‍ പൂജ്യത്തിന് പുറത്തായ കോലി മൂന്നാം മത്സരത്തില്‍ പുറത്താവാതെ 74 റണ്‍സെടുത്തു.

നിലവില്‍ ഇന്ത്യ എ ടീം ബെംഗളൂരുവിലെ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ ചതുര്‍ദിന മത്സരം കളിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് മത്സരങ്ങളാണ് പരമ്പരയില്‍. നവംബര്‍ 2ന് അവസാനിച്ച ആദ്യ ചതുര്‍ദിന മത്സരത്തില്‍ റിഷഭ് പന്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ എ വിജയിച്ചു. രണ്ടാം മത്സരം നാളെ ആരംഭിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര സീനിയര്‍ ടീമിനെ പ്രഖ്യാപിക്കാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഉടന്‍ യോഗം ചേരും. അതേ യോഗത്തില്‍ തന്നെ ഇന്ത്യ എ ടീമിനെയും അവര്‍ തെരഞ്ഞെടുക്കും.