കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ; താരലേലം ജൂലായ് ആദ്യവാരം

  1. Home
  2. Sports

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ; താരലേലം ജൂലായ് ആദ്യവാരം

kcl


കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കും. കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) ആസ്ഥാനത്ത് നടന്ന ഫ്രാഞ്ചൈസി ഉടമകളുടെ യോഗത്തിലാണ് ലീഗിന്റെ തീയതികളും ജൂലായ് ആദ്യവാരം നടക്കുന്ന താരലേലത്തിന്റെ വിവരങ്ങളും ഔദ്യോഗികമായി പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് സീസണുകളുടെയും വൻ വിജയത്തിന് പിന്നാലെയാണ് മൂന്നാം പതിപ്പിന് തിരിതെളിയുന്നത്.

മുൻ സീസണുകളിലെപ്പോലെ കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, അദാനി ട്രിവാൻഡ്രം റോയൽസ്, ആലപ്പി റിപ്പിൾസ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നീ ആറ് ഫ്രാഞ്ചൈസികളാണ് ഇത്തവണയും കിരീടത്തിനായി മാറ്റുരയ്ക്കുക. സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് തങ്ങളുടെ മികവ് തെളിയിക്കാനും ഐപിഎല്ലിലേക്കും ഇന്ത്യൻ ടീമിലേക്കുമുള്ള വഴിതുറക്കാനും കെ.സി.എൽ വലിയൊരു പാലമായി മാറുമെന്ന് കെ.സി.എ ഭാരവാഹികൾ വ്യക്തമാക്കി. കെ.സി.എ പ്രസിഡന്റ് ശ്രീജിത്ത് വി. നായർ, സെക്രട്ടറി വിനോദ് എസ്. കുമാർ ഉൾപ്പെടെയുള്ള പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.

രാജ്യത്തെ പ്രാദേശിക ക്രിക്കറ്റ് ലീഗുകളിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ഒന്നായി കെ.സി.എൽ ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. രണ്ടാം സീസണിൽ സ്റ്റാർ സ്പോർട്സിലൂടെ മാത്രം 4 കോടി ആളുകളാണ് ലീഗ് കണ്ടത്. കൂടാതെ ഒടിടി പ്ലാറ്റ്‌ഫോമായ ഫാൻകോഡിലൂടെ 70 ലക്ഷം പേരും, ഏഷ്യനെറ്റ് പ്ലസിലൂടെ 1.3 കോടിയിലധികം പേരും മത്സരങ്ങൾ തത്സമയം വീക്ഷിച്ചു. പത്താം സീസണിലേക്ക് കടക്കുന്ന തമിഴ്നാട് പ്രീമിയർ ലീഗിനും (TNPL) കർണാടകയുടെ മഹാരാജ പ്രീമിയർ ലീഗിനും കഴിഞ്ഞ വർഷം ലഭിച്ച കാഴ്ചക്കാരേക്കാൾ എത്രയോ മുകളിലാണ് കേരള ക്രിക്കറ്റ് ലീഗിന്റെ ഈ വൻ കുതിപ്പ്.